അനുജനുവേണ്ടിയുള്ള ശ്രീജിത്തിന്റെ പോരാട്ടം വിജയത്തിലേക്ക്;ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും

single-img
15 January 2018


തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് അറിയിച്ചതായി എംപി മാരായ കെ.സി വേണുഗോപാലും ശശി തരൂരും പറഞ്ഞു. ശ്രീജിത്ത് ഇനി സമരം അവസാനിപ്പിക്കണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

അതേസമയം സിബിഐ അന്വേഷണം തുടങ്ങും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.

നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്.

2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ശ്രീജിത്ത് സമരം തുടങ്ങിയത്.