ഹഗ്‌പ്ലോമസി : മോദിയുടെ ‘ആലിംഗന നയതന്ത്ര‘ത്തെ പരിഹസിച്ച് കോൺഗ്രസ്സ് വീഡിയോ

single-img
15 January 2018

ഹഗ്‌പ്ലോമസിപ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്ന രീതിയെ ‘ആലിംഗന നയതന്ത്ര‘മെന്ന് പരിഹസിച്ച് കോൺഗ്രസ്സിന്റെ വീഡിയോ. ‘ ഹഗ്‌പ്ലോമസി ’ എന്ന ഹാഷ് ടാഗിലാണു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്വിറ്റർ അക്കൌണ്ടിലാണു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: നരേന്ദ്ര മോദി സ്വകാര്യ ഇടങ്ങളെ മാനിക്കാതെ ആളുകളെ ചാടിക്കയറി ആലിംഗനം ചെയ്യുന്നത് ഉചിതമോ?

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹഗ്‌പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ്ടാഗിലാണ് വീഡിയോ.

 

എന്നാൽ കോൺഗ്രസ്സിന്റെ ഈ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അതിന്റെ താഴ്ന്ന നിലവാരമാണു കാണിക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷിവകുപ്പുമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ വിവേചന ബുദ്ധി അവശേഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുകയാണെന്നും ഈ വേളയില്‍ ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

മോദിയുടെ  ആലിംഗനങ്ങളെക്കുറിച്ച് ലോകമാധ്യമങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞവർഷം ജനുവരിയിൽ വാഷിംഗ്ടൺ പോസ്റ്റ് ഇതിനെക്കുറിച്ച് ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ‘നരേന്ദ്രമോദി ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നത് നിർത്തുകയില്ല, അതിനി എത്ര അരോചകമായാലും’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

  ‘ആളുകളെ കെട്ടിപ്പിടിക്കുന്ന നരേന്ദ്രമോദി’ എന്ന പേരിൽ അന്താരാഷ്ട്രമാധ്യമമായ ക്വാർട്സും ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.