നാലുവയസുകാരിയുടെ കൊലപാതകം:അമ്മയുടെ കാമുകന് വധശിക്ഷ;അമ്മ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ജീവപര്യന്തം

single-img
15 January 2018

കൊച്ചി:ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മ റാണി, സഹായി ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം. രഞ്ജിത്തും റാണിയും ചേര്‍ന്നാണ് റാണിയുടെ കുട്ടിയെ കൊലപ്പെടുത്തിയത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുന്ന വേളയിലാണ് കൃത്യം നടന്നത്.ഭർത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

പിന്നീട് അമ്മ റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. രഞ്ജിത്തും സുഹൃത്ത് ബേസിലുമാണ് കൊലപാതകത്തിനു മുമ്പ് ഇതു ചെയ്തത് എന്നാണ് പൊലീസ് കേസ്.