സുപ്രീം കോടതി പ്രതിസന്ധി: സമവായത്തിനായി ബാർ കൌൺസിൽ പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

single-img
15 January 2018

സുപ്രീം കോടതി
സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെ സമവായത്തിനായി ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ചീഫ് ജസ്റ്റിസുമാരുമായും മറ്റു ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തി. ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

ചീഫ് ജസ്റ്റിസ് കേസുകൾ അലോട്ട് ചെയ്യുന്നതടക്കം അദ്ദേഹത്തിന്റെ മറ്റു നിരവധി രീതികളെ വിമർശിച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയ നാലു ജഡ്ജിമാരുമായും  കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണു ബാർ കൌൺസിൽ പ്രതിനിധികൾ ചീഫ് ജസ്റ്റിസിനെ കണ്ടത്.

ജഡ്ജിമാരുമായി സൌഹാർദ്ദപരമായ അന്തരീക്ഷത്തിലാണു ചർച്ചനടത്തിയതെന്നും  പ്രശ്നങ്ങൾ പരിഹരിക്കാമെന്നു അവർ ഉറപ്പുനൽകിയെന്നും ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന ബാർ കൌൺസിൽ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനായി ഏഴംഗ സമിതിയെ ആണു ബാർ കൌൺസിൽ നിയോഗിച്ചത്. ജഡ്ജിമാർ പരസ്യ പ്രസ്താവന നടത്തിയ സംഭവത്തോടെ ബാർ കൌൺസിൽ ഔദ്യോഗികമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം നടപടികൾ ജുഡിഷ്യറിയെ അപ്പാടെ ബാധിക്കും എന്നാണു ബാർ കൌൺസിലിന്റെ വിലയിരുത്തൽ.