പെണ്‍കുട്ടിയെ ഇറക്കാതെ പാതിരാത്രി കെഎസ്ആര്‍ടിസി ‘മിന്നല്‍’ കുതിച്ച സംഭവം;കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരേ വകുപ്പ്തല നടപടി?

single-img
15 January 2018

പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടി.വിജിലന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറോടാണു എം.ഡി വിവരം തേടിയത്.സോണല്‍ മാനേജരോട് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ജീവനക്കാര്‍ക്കെതിരേ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പോലീസ് രണ്ടിടത്ത് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണു ജീവനക്കാർക്കെതിരേ നടപടിയെടുക്കാൻ കെ.എസ്.ആര്‍.ടി.സി. നിർബന്ധിതമാകുന്നത്.കോഴിക്കോട് ബസ്സ്റ്റാന്‍ഡ് വിട്ടതിന് ശേഷം വിദ്യാര്‍ഥിനിയോട് പയ്യോളി നിര്‍ത്തില്ലെന്നും വേണമെങ്കില്‍ വഴിയിൽ നിർത്തി അവിടെ ഇറങ്ങിക്കോളാമെന്നും കണ്ടക്ടര്‍ പറഞ്ഞതായി പറയുന്നു.അങ്ങനെയെങ്കില്‍ ആ നിര്‍ത്തല്‍ പയ്യോളിയിലാവാമായിരുന്നു. ഈ കാര്യങ്ങള്‍ ഗുരുതരവീഴ്ചയായാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കണാക്കാക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി എട്ടര മണിക്ക് പാലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിരുന്നു വിദ്യാര്‍ത്ഥിനി.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നൂറ്റിപതിനൊന്ന് രൂപ നല്‍കി ടിക്കറ്റ് എടുക്കുകയും ചെയ്തു.

പയ്യോളിയില്‍ കാത്ത് നില്‍ക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച അവ്യക്തത വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ വഴി ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ പയ്യോളി പോലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം അവതരിപ്പിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും പിതാവും ചേര്‍ന്ന് പയ്യോളിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ്സിന് കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി.

ഉടന്‍ തന്നെ പയ്യോളി പോലീസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസിനോട് ബസ് തടയാന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെയും ബസ് നിര്‍ത്തിയില്ല. ഉടന്‍ തന്നെ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ചോമ്പാല പോലീസ് കുഞ്ഞിപ്പള്ളിയില്‍ വെച്ച് പോലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു.

ബസിന് പുറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയില്‍ എത്തുമ്പോഴേക്കും ബസ് വിദ്യാര്‍ത്ഥിനിയെ ഇറക്കി പോവുകയും ചെയ്തു. ചട്ടങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥ കാരണം ഒന്നരമണിക്കൂര്‍ നേരമാണ് വിദ്യാര്‍ഥിനി ബസിലും പിതാവ് റോഡിലും നിന്ന് തീ തിന്നത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിതാവ് ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

കടുത്ത ജനരോഷം ഉയര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥിനിയുടെ പിതാവ് അസീസ്.