ജസ്റ്റിസ് ലോയയുടെ മരണം:”മകന്റെ പ്രസ്താവന സമ്മര്‍ദ്ദം മൂലമെന്ന് അമ്മാവൻ”;അമിത് ഷായെ രക്ഷിക്കാന്‍ ശ്രമമെന്ന് ലോയയുടെ സുഹൃത്ത്

single-img
15 January 2018

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ട ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ.മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍ അനൂജ് ലോയ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ശ്രീനിവാസ് ലോയ രംഗത്ത് വന്നത്.അച്ഛന്‍ മരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയായിരുന്ന അനൂജ് ഇപ്പോള്‍ അനുകൂലമായി രംഗത്തു വന്നത് കടുത്ത സമ്മര്‍ദ്ദം കൊണ്ടായിരിക്കാമെന്നാണ് അമ്മാവന്‍ പറയുന്നത്.
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്ന ലോയയുടെ മരണം ദൂരൂഹമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരി നേരത്തേ രംഗത്തെത്തിയിരുന്നു.

അതിനിടെ ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്ന കാര്യത്തില്‍ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്ന് മകന്‍ അനൂജ് ലോയ പറഞ്ഞത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്ന് ലോയയുടെ അടുത്ത സുഹൃത്ത്. ലോയയുടെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായ അഡ്വ. ബല്‍വന്ദ് യാദവാണു വെളിപ്പെടുത്തൽ നടത്തിയത്.അമിത് ഷാ രക്ഷിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് അവരുടെ വായടിപ്പിക്കുന്നതെന്നും അദ്ദേഹം കാരവന്‍ മാഗസിനോട് പറഞ്ഞു.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള ഒരു അന്വേഷണം വേണം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു മാത്രമല്ല 2014 ഡിസംബറില്‍ അദ്ദേഹം മരണപ്പെടാന്‍ കാരണമായ എല്ലാ സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹരികൃഷന്‍ ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മെച്ചമായിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ മുഖ്യ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മാത്രമായിരുന്നു. മറ്റൊരു ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആയി ലോയയെ നിയമിക്കുന്നത്.

ലോയയുടെ മരണശേഷം സൊഹ്‌റാബുദ്ദീന്‍ കേസിലെ പ്രധാന പ്രതിയായിരുന്ന ഷായെ 2015ല്‍ കേസില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ഈശ്വര്‍ ബഹേട്ടി എന്നയാളാണ് ലോയയുടെ മരണം കുടുംബാംഗങ്ങളെ അറിയിക്കുന്നത്.

ഗസ്റ്റ് ഹൗസില്‍ നിന്നും ലോയയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അന്ന് രാത്രി കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ആ ഗസ്റ്റ് ഹൗസില്‍ നിന്നും വളരെ ദൂരത്തിലാണ് ഓട്ടോ സ്റ്റാന്‍ഡ് ഉള്ളത്.

പെട്ടെന്ന് ഓട്ടോ റിക്ഷാ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. ആ അര്‍ധരാത്രിയില്‍ അവര്‍ എങ്ങനെ ഓട്ടോറിക്ഷാ സംഘടിപ്പിച്ചെന്നും കുടുംബം ചോദിക്കുന്നു. മാത്രമല്ല, ലോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും കൂടെയുണ്ടായിരുന്നവര്‍ വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ലോയക്ക് ആശുപത്രിയില്‍ നല്‍കിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിക്കുകയും ചെയ്തു.

റീ പോസ്റ്റ് മോര്‍ട്ടത്തിനായി ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിഷയം കൂടുതല്‍ പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരും ലോയയുടെ കൂടെയുണ്ടായിരുന്നവരും പോലീസും നടത്തിയ പല നീക്കങ്ങളും സംശയാസ്പദമാണെന്നും ഡോക്ടര്‍ കൂടിയായ സഹോദരി ബിയാനി പറഞ്ഞു.

ചെറിയ ചുമ വന്നാല്‍ പോലും തന്നെ കണ്ടിരുന്ന ലോയക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള ആരോഗ്യസ്ഥിതി അല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിതൃബന്ധത്തിലുള്ള സഹോദരന്‍ ഒപ്പിട്ടിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരുബന്ധം തങ്ങള്‍ക്കില്ലെന്നും ഒപ്പിട്ട വ്യക്തിയെക്കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി.

നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോയയുടെ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയത്. ലോയയുടെ മരണവാര്‍ത്ത മാധ്യമങ്ങളും കാര്യമായി കൈകാര്യം ചെയ്തിരുന്നില്ല. സൊഹ്‌റാബു്ദദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ജഡ്ജിയുടെ മരണത്തെ സംബന്ധിച്ച് സിബിഐക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല.

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവില്‍ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. ചെറുകിട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൌസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്‌കര്‍ഇ ത്വയ്ബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയെ 2006 ഡിസംബറില്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് അടുത്ത കേസ്.