ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി: കണ്ടില്ലെന്ന് നടിച്ച് കേരളത്തിലെ വാര്‍ത്താ ചാനലുകള്‍

single-img
14 January 2018

സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ട് വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. ശ്രീജിത്തിന് പിന്തുയുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ നഗരത്തില്‍ കൂറ്റന്‍ പ്രകടനവും നടത്തി.

രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. രാവിലെ 11 മണിയോടെയാണ് ടോവിനോ സമര വേദിയിലെത്തിയത്. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന് പിന്തുണയറിച്ച് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

അതേസമയം സമൂഹമാധ്യമത്തിലൂടെ വീണ്ടും ജീവന്‍വച്ച ഒറ്റയാള്‍ സമരത്തിന് കൂടുതല്‍ പിന്തുണ കൈവരുകയാണ്. സംഭവത്തില്‍ സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിനിടെ സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാവിലെ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

അതിനിടെ യുവത്വത്തിന്റെ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ വാര്‍ത്താ ചാനലുകള്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യുവാക്കള്‍ ഒരൊറ്റ മനസ്സോടെ പാളയം രക്ഷസാക്ഷിമണ്ഡപത്തിനു മുന്നില്‍ നിന്ന് റാലിയുമായി എത്തിയപ്പോള്‍ കേരളത്തിലെ മിക്ക വാര്‍ത്താ ചാനലുകളും സംപ്രക്ഷണം പോലും ചെയ്തില്ല.

എന്നാല്‍ യുവനടന്‍ ടൊവിനോ തോമസ് സമരത്തിനൊപ്പം ചേര്‍ന്നപ്പോള്‍ ചാനലുകളിലും സൈറ്റുകളിലും വാര്‍ത്ത നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് ഐക്യദാര്‍ഡ്യ സമരം ലൈവ് കൊടുത്തത്. മാതൃഭൂമി ന്യൂസ്, മീഡിയാവണ്‍,  മനോരമ ന്യൂസ് എന്നിവ സമരവാര്‍ത്തകളൊന്നും സംപ്രേക്ഷണം ചെയ്തില്ല.

ശ്രീജിത്തിന്റെ സമരത്തെ തുടക്കത്തില്‍ പ്രക്ഷേകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന വാര്‍ത്താ ചാനലുകള്‍ പോലും ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രകടിച്ചിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ എത്തിയ വാര്‍ത്ത കൊടുത്തില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.

എന്നാല്‍ മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരില്‍ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയില്‍ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ. എസ്. ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എസ്.ഐ. ഡി.ബിജുകുമാര്‍ എന്നിവരാണ് കുറ്റാരോപിതര്‍.