ഇഖാമ കൈവശം സൂക്ഷിക്കാത്ത പ്രവാസികള്‍ക്ക് 45 ദിവസം തടവ്: മുന്നറിയിപ്പുമായി സൗദി

single-img
14 January 2018

റിയാദ്: സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കൈവശം സൂക്ഷിക്കാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വകുപ്പിന്റെ മുന്നറിയിപ്പ്. ഇഖാമ കൈവശം സൂക്ഷിക്കാത്ത വിദേശികള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പാസ്‌പോര്‍ട് വകുപ്പ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ശല്‍ഹൂബ് പറഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞാല്‍ ആദ്യ തവണ 500 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

ഇഖാമ, തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനുളള ഉത്തരവാദിത്തം സുരക്ഷാ വകുപ്പിനാണ്. കസ്റ്റഡിയിലാകുന്ന വിദേശികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചുമതലയാണ് പാസ്‌പോര്‍ട്ട് വകുപ്പിനുളളത്. റീ എന്‍ട്രി വിസയില്‍ മടങ്ങിയ വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ വകുപ്പില്ലെന്നും പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.

എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ മടങ്ങി വരാതെ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കാന്‍ കഴിയില്ല. ആശ്രിത വിസയിലുളള കുടുംബങ്ങള്‍ റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്കും ഇതു ബാധകമാണ്. ഇവര്‍ സൗദിയില്‍ മടങ്ങിയെത്തി ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയാണ് ചെയ്യേണ്ടത്.

ഏഴര മാസം നീണ്ടുനിന്ന പൊതുമാപ്പ് നവംബര്‍ 15ന് അവസാനിച്ച ശേഷം കസ്റ്റഡിയിലായ 85,000 നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.