സോഷ്യൽ മീഡിയയിലെ മുതല

single-img
14 January 2018

കെ സുരേന്ദ്രൻ

 

രജിത് രവീന്ദ്രൻ 

സോഷ്യൽ മീഡിയയിൽ ഒരു പുതിയ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ആണു സോഷ്യൽ മീഡിയയിലൂടെ മുതല കണ്ണീരൊഴുക്കുന്ന ആ വ്യക്തി. ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ലെന്നും മനസ്സാക്ഷിക്കുത്തുകൊണ്ടാണെന്നും പറഞ്ഞാണു ഇദ്ദേഹത്തിന്റെ വൈകാരിക പ്രകടനം.

ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി ഏകദേശം 35 ദിവസങ്ങളായപ്പോഴാണ് അദ്ദേഹം എന്റെ ശ്രദ്ധയിൽ പെട്ടത്. ജ്വാല ഫൗണ്ടേഷന്റെ ഭാരവാഹിയായ അശ്വതി നായരും ഞാനും സെക്രട്ടേറിയറ്റിന് മുന്നിൽ എത്തി ശ്രീജിത്തിനെ കണ്ടു. അന്ന് ഞങ്ങൾ അയാളോട് ഏറെനേരം സംസാരിച്ചു. ശ്രീജിത്തിനെ പോലീസ് നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞപ്പോൾ അശ്വതി നായരും ഞാനും മറ്റു ചില സുഹൃത്തുക്കളും ചേർന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ പോയി എസ് ഐയെക്കണ്ട് വിഷയം അവതരിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിനു പദ്ധതിയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങൾ ആ നീക്കം തടഞ്ഞു. 

പിന്നീട് പല തവണ പാർട്ടി പരിപാടികൾ സെക്രട്ടേറിയറ്റ് പരിസരത്ത് നടക്കുമ്പോൾ ഞാൻ ശ്രീജിത്തിന്റെയടുക്കൽ പോയിട്ടുണ്ട്. സൗഹൃദ സംഭാഷണം മാത്രമേ അന്ന് ഉണ്ടായിട്ടുണ്ടായിരുന്നുള്ളൂ.

 കെ സുരേന്ദ്രനു അദ്ദേഹം ഇന്നു പറയുന്നതുപോലെയുള്ള മനസ്സാക്ഷിക്കുത്ത്  ഉണ്ടായിരുന്നെങ്കിൽ അതു ഫേസ്ബുക്കിലല്ല ശ്രീജിത്തിനോട് നേരിട്ടായിരുന്നു പറയേണ്ടത്. അല്ലാതെ വൈകാരികമായ മുതലെടുപ്പിനു ശ്രമിക്കുന്നത് തികച്ചും തരം താണ പ്രവൃത്തിയാണു.

പൊതുപ്രവർത്തകനെന്ന നിലയിൽ കെ സുരേന്ദ്രനോട് എല്ലാവർക്കും പുച്ഛം തന്നെയാണെന്നത് എല്ലാവർക്കുമറിയാം. സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകാത്ത ഒരു രാഷ്ട്രീയ നേതാവും ഇന്ന് കേരളത്തിലില്ല. ഒരു വട്ടമെങ്കിലും ശ്രീജിത്തിനോട് കുശലാന്വേഷണം ചോദിക്കാത്തതിൽ താങ്കൾക്ക് സ്വയം പുച്ഛം തോന്നുന്നതിൽ തെറ്റില്ല.

സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും ശ്രീജിത്തിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്നതും അയാളോട് സംസാരിക്കാൻ ശ്രമിച്ചിട്ടില്ലെന്നതും യാഥാർത്ഥ്യമാണു. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ പ്രതിപക്ഷ നേതാവ് അതിനു സമയം കണ്ടെത്തി. അതിൽ എന്തെങ്കിലും തെറ്റു പറയുവാൻ സാധിക്കില്ല.  ഇത്തരത്തിൽ ഒരു കുറ്റബോധമോ, ഇതിൽ എന്തെങ്കിലും മറച്ചുവെയ്ക്കുവാനോ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ആ സന്ദർശനം ഒഴിവാക്കാമായിരുന്നു. ഹൈക്കോടതിയിൽ പോകുവാൻ  നിയമസഹായം കൊടുക്കാൻ സഹായിക്കാം എന്ന് പറയാതിരിക്കാമായിരുന്നു. പ്രതിപക്ഷ നേതാവ് അവിടെ  വന്നില്ലായിരുന്നെങ്കിൽ താങ്കൾ അടക്കം എല്ലാവരും ശ്രീജിത്തിനെ തിരിഞ്ഞു നോക്കാത്ത പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുമായിരുന്നു.

വൈകാരികമായ കാര്യങ്ങൾ ഒരു വ്യക്തിയെ അറിയിക്കണമെങ്കിൽ ഇത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മുതലക്കണ്ണീരൊഴുക്കാതെ അയാളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുകയാണ്. അതിൽ നിന്നും താങ്കളെ തടയാൻ ആർക്കും അവകാശമില്ല.  താങ്കൾക്ക്‌ അവിടെ എത്താനും ശ്രീജിത്തിനെ ആശ്വസിപ്പിക്കാനുമുള്ള അവകാശമുണ്ട്. പ്രതിപക്ഷ നേതാവിനെ അപഹസിക്കുന്നതിനും സ്വന്തം മൈലേജ് കൂട്ടാനുമുള്ള തന്ത്രപരമായ നീക്കമാണു ഫേസ്ബുക്കിലൂടെ നടത്തുന്ന ഈ വൈകാരികപ്രകടനമെന്ന് എല്ലാവർക്കും മനസ്സിലാകും. ഇത്തരം വിലകുറഞ്ഞ പ്രകടനങ്ങൾ വിജയിക്കാൻ ഇത് സിനിമാറ്റിക് രാഷ്ട്രീയം വിറ്റുപോകുന്ന തമിഴ്നാടല്ല മറിച്ച് രാഷ്ട്രീയകേരളമാണെന്ന് സുരേന്ദ്രൻ ഓർക്കണം.


(  കെ പി സി സിയുടെ ഐ ടി സോഷ്യൽ മീഡിയ അഡ്വൈസറി മെമ്പർ ആണു രജിത് രവീന്ദ്രൻ)