വില്‍ക്കാന്‍ വച്ചിരുന്ന പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു: അരിശം തീരാഞ്ഞ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി: പള്ളുരുത്തിയില്‍ പോലീസിന്റെ പരാക്രമം

single-img
14 January 2018

പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുബൈര്‍ എന്നയാളുടെ കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തിവച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പള്ളുരുത്തി എസ്.ഐ. ബിബിനാണ് പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം.

തക്കാളി, വഴുതനങ്ങ, സവാള, വെള്ളരിക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പോലീസ് വലിച്ചെറിഞ്ഞത്. റോഡരികില്‍ വച്ച് പച്ചക്കറികള്‍ വില്‍ക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് പോലീസ് നേരത്തെ കടയുടമയോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പച്ചക്കറികള്‍ കടയിലാണ് വച്ചിരുന്നതെന്ന് സുബൈര്‍ പറയുന്നു.

എന്നാല്‍ ശനിയാഴ്ച പോലീസ് ഒന്നും പറയാതെ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ സഹായിയായി. കുറെ പച്ചക്കറികള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയെന്നും സുബൈര്‍ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും സുബൈര്‍ പറഞ്ഞു.

അതേസമയം പച്ചക്കറികള്‍ റോഡില്‍ വച്ച് വിറ്റതിന് കേസ് എടുക്കുക മാത്രമാണുണ്ടായതെന്ന് പള്ളുരുത്തി എസ്.ഐ. ബിബിന്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പച്ചക്കറികളില്‍ ജീപ്പ് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.