‘അബുദാബിയിലെ ഒരു കൊച്ചു കേരളം’

single-img
14 January 2018


അബുദാബി: അബുദാബി എയര്‍പ്പോര്‍ട്ട് റോഡിലെ വില്ലക്ക് മുന്‍പില്‍ ഒരു കൊച്ചു കേരളമൊരുക്കിയിരിക്കുകയാണ് തിരുവനന്തപുരം പാലോട് തെന്നൂര്‍ സ്വദേശി നസീര്‍. കുലച്ച് നിക്കുന്ന പാളയാങ്കോടനും, റോബസ്റ്റും, ഞാലിപ്പൂവനുമാണ് വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുക.

 

 

പത്തോളം വാഴകളാണ് തന്റെ വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് പൂര്‍ണ്ണവളര്‍ച്ചയെത്തി നിക്കുന്നത്. വാഴ കൂടാതെ മാവ്, പ്ലാവ്, ചേമ്പ്, ചേന, വെണ്ട, കോവ, തക്കാളി, പച്ചമുളക്, കുമ്പളം, നാരകം എന്നിവയെല്ലാം നസീറിന്റെ വീട്ടുമുറ്റത്തുണ്ട്. നസീറിന്റെ തോട്ടത്തിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാഴ്ച്ച പക്ഷെ ഇതൊന്നുമല്ല.

രണ്ടാള്‍പ്പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങാണ്. ഇവിടെ തെങ്ങില്‍ കായ്ഫലമൊന്നുമുണ്ടാവില്ലെങ്കിലും കൃഷിയോടുള്ള അഭിനിവേശം കൊണ്ടാണ് നട്ടുപിടിപ്പിച്ചതെന്ന് നസീര്‍ പറയുന്നു. വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയാണ് നസീര്‍ തന്റെ പുരയിടത്തെ ഈ നിലയിലേക്ക് എത്തിച്ചത്.

ഉപ്പ് കലര്‍ന്ന പൂഴിമണലാണ് അബുദാബിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും. ഇത് സാധാരണഗതിയില്‍ കൃഷിക്ക് ഒട്ടും അനുയോജ്യമല്ല. എന്നാല്‍ ഒന്നരയടിയാഴത്തില്‍ നല്ല മണ്ണ് നിരത്തിയാണ് നസീറിന്റെ കൃഷി. അടുക്കളയില്‍ നിന്നുള്ള പച്ചക്കറി വേസ്റ്റും, ഉപയോഗിച്ച തേയിലയും, ചാണകവുമാണ് വളമായിടുന്നത്.

നിറയെ കായകളുള്ള സാദാ മുരിങ്ങയും, ഒരുപാട് ഗുണഗണങ്ങളുള്ള അഗസ്ത്യമുരിങ്ങയും, പപ്പായയും ഇവിടെയുണ്ട്. ചുണ്ടന്‍ വിരലിന്റെ വലിപ്പമുള്ള അഗസ്ത്യമുരിങ്ങയുടെ പൂവ് വിവിധ ദേശക്കാരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. മാര്‍ക്കറ്റില്‍ വലിയ വിലയുള്ള ഈ പൂവുകള്‍ അടുത്ത വില്ലകളില്‍ താമസിക്കുന്നവര്‍ ചോദിച്ചെത്താറുണ്ടെന്ന് നസീര്‍ പറഞ്ഞു.

ഗള്‍ഫിലെ കാലാവസ്ഥയില്‍ പച്ചപിടിക്കാത്ത ചെടികള്‍ പോലും നസീറിന്റെ പുരയിടത്തില്‍ വളരുന്നു. ഒരു കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന നസീറിന് കൃഷി ഒരു ഭ്രമമാണ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസജീവിതം ആരംഭിച്ചപ്പോള്‍ വലിയ വിരസത തോന്നിയിരുന്നു.

അപ്പോള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ ചെറിയ സൗകര്യത്തില്‍ തന്നെ ചെറിയ തോതില്‍ കൃഷി തുടങ്ങി. തക്കാളിയും, മുളകും, കറിവേപ്പിലയുമൊക്കെയായിരുന്നു അന്ന് തോട്ടത്തിലെ വിളകള്‍. എന്നാല്‍ വില്ലയില്‍ താമസമാക്കിയതോടെ തന്റെ കൃഷികള്‍ക്ക് കൂടുതല്‍ സൗകര്യമായി. അബുദാബിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്വണ്ടന്റ് ആയി ജോലി ചെയ്യുന്ന നസീര്‍ വൈകിട്ട് നാല് മണിക്ക് ശേഷവും, വെള്ളി, ശനി ദിവസങ്ങളിലുമാണ് കൃഷിപ്പണിക്കായി നീക്കിവെക്കുന്നത്.

റിപ്പോര്‍ട്ട്: അബുദാബി ബ്യൂറോ