ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

single-img
14 January 2018

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു.

തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു. 2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു.

വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വീണ്ടും കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് നറുക്ക് വീണു. 7983 വോട്ടുകള്‍ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.

ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനനായി സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്.

എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

അതേസമയം കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. എംഎല്‍എ എന്ന നിലയില്‍ മാത്രമല്ല, സിപിഎം നേതാവ് എന്ന നിലയിലും ചെങ്ങന്നൂര്‍ താലൂക്കിലും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലും തൊഴിലാളി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം.

തികച്ചും സാധാരണക്കാരനായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്റ്റേഹാദരങ്ങള്‍ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും വിഎസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. നഷ്ടമായത് ഏറ്റവും അച്ചടക്കവും ചിട്ടയും ഉള്ള നിയമസഭാ സാമാജികനെയെന്ന് സ്പീക്കര്‍ പറഞ്ഞു.