‘ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയോ?’

single-img
14 January 2018

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയ രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം. മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും രഹാനയെ വീണ്ടും തഴഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ടീമിനെ തെരഞ്ഞെടുത്തത് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. ഇന്ത്യന്‍ നായകനും കോച്ച് രവിശാസ്ത്രിയ്ക്കുമെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഭുവിയെ ഒഴിവാക്കാനുള്ള തീരുമാനമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തത് ഭുവിയായിരുന്നു. തന്റെ ആദ്യ മൂന്നോവറിലും ഭുവി വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും വിരേന്ദര്‍ സേവാഗും ആര്‍പി സിംങ്ങും ആകാശ് ചോപ്രയും വരെയുണ്ട്.

ഈ ടെസ്റ്റില്‍ ക്യാപ്റ്റന്‍ കോഹ്‌ലി ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ അടുത്ത ടെസ്റ്റില്‍ നിന്നു മാറിനില്‍ക്കണമെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് ആവശ്യപ്പെട്ടു. ഒരൊറ്റ ടെസ്റ്റിലെ പരാജയത്തിന് ധവാനെ ഒഴിവാക്കിയ കോഹ്‌ലി ഈ ടെസ്റ്റില്‍ പാരാജയപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു കാണാന്‍ കാത്തിരിക്കുകയാണെന്നു സേവാഗ് പറഞ്ഞു.

ഭുവിയെ മാറ്റിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനേ ഉപകരിച്ചിട്ടുള്ളുവെന്നും ടീമിനതു ഗുണം ചെയ്യില്ലെന്നും സേവാഗ് പറഞ്ഞു. ശിഖര്‍ ധവാന്‍ എന്നും ബലിയാടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശിരസ് എന്നും അറവുതട്ടിലായിരുന്നുവെന്നും സുനില്‍ ഗാവസ്‌കറും ആരോപിച്ചു.

ഉയരക്കാരനായ ഇഷാന്തിനെ കളിപ്പിക്കണമായിരുന്നെങ്കില്‍ മറ്റ് ഏതെങ്കിലും ബോളറെ ആയിരുന്നു മാറ്റേണ്ടിയിരുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ടെസ്റ്റില്‍ പത്തു ക്യാച്ചെടുത്ത കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ മാറ്റിയതും അദ്ഭുതപ്പെടുത്തിയെന്ന് ഗാവസ്‌കര്‍ പറഞ്ഞു.