ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊല്ലി വിവാദപ്പെരുമഴ: കൊഹ്‌ലിക്കെതിരെ മുന്‍ താരങ്ങള്‍

single-img
14 January 2018


ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദപ്പെരുമഴ. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കൊഹ്‌ലി പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തിനുള്ള ടീമില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകണമെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് പറഞ്ഞു.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച ഭുവിയെ ഒഴിവാക്കിയത് എന്ത് കാരണം കൊണ്ടാണെന്ന് സെവാഗ് ചോദിക്കുന്നു. ഭുവിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തിരഞ്ഞെടുപ്പാണ് കൊഹ്‌ലി നടത്തിയതെന്നും സെവാഗ് കുറ്റപ്പെടുത്തി.

അതേസമയം ശിഖര്‍ ധവാന്‍ എന്നും ബലിയാടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശിരസ് എന്നും അറവുതട്ടിലായിരുന്നുവെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ഉയരക്കാരനായ ഇഷാന്തിനെ കളിപ്പിക്കണമായിരുന്നെങ്കില്‍ മറ്റ് ഏതെങ്കിലും ബോളറെ ആയിരുന്നു മാറ്റേണ്ടിയിരുന്ന്.

കഴിഞ്ഞ ടെസ്റ്റില്‍ പത്തു ക്യാച്ചെടുത്ത കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ മാറ്റിയതും അദ്ഭുതപ്പെടുത്തിയെന്നും ഗാവസ്‌കര്‍ പറഞ്ഞു. ആദ്യ ടെസ്റ്റിലെ മികച്ച ബോളറായിരുന്ന ഭുവനേശ്വറിനെ മാറ്റിയതു മനസ്സിലാകുന്നില്ലെന്നും ഭുവിയോടു ചെയ്തതു ക്രൂരതയാണെന്നും വി.വി.എസ്.ലക്ഷ്മണും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ അലന്‍ ഡോണള്‍ഡും പറഞ്ഞു.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 72 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കൊഹ്‌ലി മൂന്നു മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ഈ മൂന്നു മാറ്റങ്ങളുടെയും കാരണം മാത്രം വ്യക്തമല്ല. ശിഖര്‍ ധവാന് പകരം കെഎല്‍ രാഹുല്‍ എത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരക്കാരനായി മുതിര്‍ന്ന താരം പാര്‍ത്ഥിവ് പട്ടേലും ടീമില്‍ ഇടംകണ്ടെത്തി.