കോടിയേരി ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് കുമ്മനം

single-img
14 January 2018


ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാതൃരാജ്യത്തെ സ്‌നേഹിക്കാനാവില്ലെങ്കില്‍ കോടിയേരി ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണം.

ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു. ഇന്ത്യചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയതെന്നു കുമ്മനം പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യം പഥ്യമല്ലെന്നും അത് കമ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിക്കും പിണറായിക്കും ഏകാധിപതികളായ ഉത്തര കൊറിയയോടും ചൈനയോടുമാണ് അടുപ്പമെന്നും രമേശ് ആരോപിച്ചു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രമേശിന്റെ വിമര്‍ശനം.

രമേശിന്റെ പോസ്റ്റില്‍നിന്ന്:

കോടിയേരി ബാലകൃഷ്ണന്റെ ചൈന അനുകൂല പരാമര്‍ശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്യൂണിസ്റ്റ് നേതാവാണ്. അവര്‍ക്ക് അങ്ങനെയാകാനേ കഴിയൂ. ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവര്‍, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവര്‍, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ബ്രിട്ടിഷുകാരില്‍ നിന്ന് അച്ചാരം വാങ്ങിയവര്‍, യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം ദാനം ചെയ്തതിന് നേതാക്കള്‍ക്കെതിരെ നടപടി എടുത്തവര്‍, അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഭരണഘടനയെ തള്ളിപ്പറഞ്ഞവര്‍, സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുക്കാന്‍ കോപ്പു കൂട്ടിയവര്‍, കെജിബി ചാരന്‍മാരായി ഇന്ത്യന്‍ സൈന്യത്തിലും ഭരണ രംഗത്തും നുഴഞ്ഞു കയറ്റം നടത്തിയവര്‍, ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത് തടയാന്‍ ശ്രമിച്ചവര്‍, കശ്മീര്‍ പാകിസ്ഥാനു നല്‍കണമെന്ന് വാദിച്ചവര്‍, ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പോലും അവര്‍ക്കൊപ്പം നിന്നവര്‍, ഇന്ത്യന്‍ പട്ടാളത്തില്‍ രഹസ്യ യൂണിറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍, കശ്മീര്‍ വിഘടനവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നവര്‍, ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാക്യം മുഴക്കുന്നവര്‍, ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് കുട പിടിക്കുന്നവര്‍, അവര്‍ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്?

കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കന്‍ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണ്. സഖാക്കളേ മുന്നോട്ട്…..