യുഎഇയില്‍ അലങ്കാര വസ്തുക്കളുടെ വിസ്മയം തീര്‍ത്ത് മലയാളി വീട്ടമ്മ

single-img
14 January 2018

അലങ്കാര വസ്തുക്കള്‍ നിര്‍മിച്ച് വിസ്മയിപ്പിക്കുകയാണ് അബുദാബിയിലെ ദീപ ഹരി എന്ന വീട്ടമ്മ. ഒന്‍പതു വര്‍ഷമായി അബുദാബിയില്‍ ഉള്ള ദീപ, തന്റെ ഫാര്‍മസിസ്റ്റ് ജോലി വരെ ഉപേഷിച്ചാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവയെല്ലാം നിര്‍മ്മിക്കുന്നത്.

 

 

ആരും പഠിപ്പിച്ചതല്ല. സ്വന്തം പരിശ്രമത്തിലൂടെ തന്നെയാണ് ദീപ ഇവയെല്ലാം നിര്‍മ്മിക്കാന്‍ പഠിച്ചത്. കളിമണ്ണ് ഉപയോഗിച്ചുള്ള വിവിധ തരം ആഭരണങ്ങള്‍, കുഞ്ഞ് ശില്‍പങ്ങള്‍, മുത്തുകള്‍ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍, പല നിറത്തിലും വലിപ്പത്തിലും ഉള്ള ആഭരണങ്ങള്‍. ക്ലേ മോഡലിംഗ്, ഫ്‌ലവര്‍ മേക്കിംഗ്, കര കൗശല വസ്തുക്കള്‍, പഴയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിവിധ വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയ അന്‍പതോളം വസ്തുക്കള്‍.

വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിക്കാവുന്ന ആഭരണമാണ് കളിമണ്ണുപയോഗിച്ച് നിര്‍മിക്കുന്ന ടെറാക്കോട്ട. ഇതിനു തന്നെ ആണ് ആവശ്യക്കാര്‍ ഏറേയും. ഇതിനോടകം യു.എ.ഇ യില്‍ ചിത്രീകരിച്ച നിരവധി ഷോര്‍ട്ട് ഫിലിംസ്, സീരിയല്‍ നായിക മാര്‍ക്കെല്ലാം വസ്ത്ര, ആഭരണ സംവിധാനവും നിര്‍വഹിച്ചുകഴിഞ്ഞു ദീപ.

ഗ്ലാസ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, സാന്റ് പെയിന്റിംഗ്, ക്യന്റില്‍ മേകിംഗ്, ഫ്‌ലവര്‍ മേക്കിംഗ് തുടങ്ങിയവയിലും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് ഈ വീട്ടമ്മ. കരകൗശലവുമായി ബന്ധപെട്ട ഒരു പുസ്തകം എഴുതുകയാണ് ദീപ ഇപ്പോള്‍. വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഇരുന്നു എങ്ങനെ ഇത്തരത്തില്‍ ഉള്ള വസ്തുക്കള്‍ നിര്‍മ്മിക്കാം എന്നതിനെ പറ്റിയെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടാണ് പുസ്തകം തയ്യാറാകുന്നത്.

യു.എ.ഇ യില്‍ അന്‍പതില്‍പരം പ്രദര്‍ശനങ്ങളില്‍ ദീപയുടെ നിര്‍മ്മാണ വസ്തുക്കള്‍ ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഹരിപ്രസാദും, മകള്‍ വൈഷ്ണവിയും എല്ലാ പ്രോത്സാഹനവുമായി ദീപയുടെ കൂടെ തന്നെ ഉണ്ട്. സ്വന്തമായി നിര്‍മ്മിച്ച വസ്തുക്കളാല്‍ മനോഹരമാണ് ഇവരുടെ വീടിനു ഉള്‍വശം.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളീ സമാജം, കേരള സോഷ്യല്‍ സെന്റര്‍ പോലുള്ള കൂട്ടായ്മകളില്‍ സമ്മര്‍ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് നിര്‍മാണ അറിവ് പകര്‍ന്നു കൊടുക്കാന്‍ സജീവ സാനിധ്യമാണ് ദീപയും കുടുംബവും.
വ്യത്യസ്തതകള്‍ ഇഷ്ടപെടുന്ന ദീപ പുതിയ തരത്തില്‍ ഉള്ള വസ്തുക്കള കണ്ടെത്താനും, നിര്‍മ്മിക്കുവാനുമൊക്കെ ഇപ്പോഴും ശ്രമിക്കാറുണ്ട്. തന്റെ കഠിന പരിശ്രമത്തിലൂടെ കണ്ടെത്തിയവ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും ദീപയ്ക്ക് മടിയില്ല. ഈ മേഘലയില്‍ പുതിയ കണ്ടെത്തലുകള്‍ക്കും, നിര്‍മ്മാണത്തിനും ഉള്ള തിരക്കിലാണ് അബുദാബിയില്‍ ദീപയും കുടുംബവും.