സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍; ബാര്‍ കൗണ്‍സില്‍ സമിതി ചീഫ് ജസ്റ്റിസിനെ കാണും

single-img
14 January 2018


സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യ തലസ്ഥാനത്ത് നീക്കങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ജസ്റ്റിസ് ബ്രിജിബാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജസ്റ്റിസ് ജെ.ചെലമേശ്വരുമായി ചര്‍ച്ച നടത്തി. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ മമന്‍കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് ജസ്റ്റിസ് ചെലമേശ്വരുടെ ഔദ്യോഗികവസതിയിലെത്തി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൂടിക്കാഴ്ചക്ക് ശേഷം സംഘം പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും ബാര്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തും. വൈകുന്നേരം 7.30 ഓടെയാണ് കൂടിക്കാഴ്ച.

ജുഡീഷ്യറിയിലെ തര്‍ക്കം ജുഡീഷ്യറിക്കുളളില്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗഡറും തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ പറയുന്നതെങ്കിലും മഞ്ഞുരുക്കുന്നതിന്റെ ഭാഗമാണിതെന്ന് വ്യക്തമാണ്.

ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി മാത്രം സംസാരിച്ച് സമവായമുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്.

ഇന്നും തിങ്കളാഴ്ച രാവിലെയുമായി ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധം പ്രകടിപ്പിക്കാനുളള അസാധാരണസാഹചര്യം ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം.