അബുദാബിയില്‍ പാര്‍ക്കുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

single-img
14 January 2018

അബുദാബി: അബുദാബിയില്‍ പൊതു പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നവര്‍ പരിസ്ഥിതി സുരക്ഷയില്‍ ശ്രദ്ധിക്കണമെന്നു അധികൃതര്‍. പലപ്പോഴും പാര്‍ക്കുകളില്‍ എത്തുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വെച്ച് പുലര്‍ത്തുന്നില്ല. പാര്‍ക്കുകളില്‍ മാലിന്യം നിക്ഷേപിച്ചു മടങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വന്‍ തുകയും വിഭവ ശേഷിയും വിനിയോഗിച്ചാണ് പൊതു പാര്‍ക്കുകള്‍ പരിപാലിക്കുന്നത്. എന്നാല്‍ പാര്‍ക്കുകളില്‍ എത്തുന്നവരില്‍ പലരും പൊതു വസ്തുക്കള്‍ വലിച്ചെറിഞ്ഞും, മാലിന്യങ്ങള്‍ ഉപേക്ഷിച്ചും, വികൃതമാക്കുന്നുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ചു കര്‍ശന നടപടി എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സന്ദര്‍ശകരില്‍ പലരും നഗരസഭയുടെ ശുചിത്വ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. പാര്‍ക്കിലെ പുല്‍മേടുകള്‍ക്കും, മരങ്ങള്‍ക്കും നാശങ്ങള്‍ വരുത്തുന്നുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും, പലരും അത് പ്രയോജന പെടുത്തുന്നതുമില്ല.

പാര്‍ക്കുകളുടെ മനോഹാരിതയ്ക്കും, പ്രകൃതി ഭംഗിക്കും കോട്ടം വരുത്തുന്ന പ്രവണത ഒഴിവാക്കണമെന്നു അധികൃതര്‍ ആവശ്യപ്പെട്ടു. പാര്‍ക്കുകളിലും, കടല്‍ തീരങ്ങളിലും നഗരസഭയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കു ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പാര്‍ക്കുകളില്‍ പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് കൂടാതെ സന്ദര്‍ശകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ബ്രോഷറുകളും വിതരണവും ചെയ്യുന്നുണ്ട്.