ചാനല്‍ ചര്‍ച്ചക്കിടെ അവതാരകയോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശ്രീധരന്‍പിള്ള: ‘വലിയ മിടുക്കിയായിട്ട് സംസാരിക്കരുത്; അടുക്കള ചോദ്യം ചോദിക്കരുത്’

single-img
13 January 2018


സുപ്രീംകോടതി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ഇന്നലെ രാത്രി മാതൃഭൂമി ചാനല്‍ പ്രൈം ടൈം ഡിബൈറ്റില്‍ ചര്‍ച്ച ചെയ്തത്. ദീപം കെടുത്തിയോ ദീപക് മിശ്ര എന്നതായിരുന്നു ചര്‍ച്ചാ വിഷയം.

ബിജെപി പ്രതിനിധിയായി അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വക്കേറ്റ് എംആര്‍ അഭിലാഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അമിത് ഷാ അടങ്ങുന്ന കേസുമായി ബന്ധപ്പെട്ട വിഷയമാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്നില്‍ സ്മൃതി ഉന്നയിച്ചത്. അമിത് ഷാ കേസില്‍ പ്രതിയാണ് എന്ന് പറയുന്നത് കഷ്ടമാണെന്നും സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീധരന്‍പിള്ള പറയുന്നതിനിടയില്‍, പിന്നെ എന്തുകൊണ്ടാണ് അതില്‍ പുനരന്വേഷണമൊന്നും നടക്കാത്തത് എന്ന മാതൃഭൂമി ന്യൂസ് അവതാരക സ്മൃതി പരുത്തിക്കാടിന്റെ ചോദ്യമാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.

തനിക്ക് സംസാരിക്കാന്‍ സമയം തരണമെന്നും എന്തിനാണ് ഇത്ര വ്യഗ്രതയെന്നും ചോദിച്ച് അമിത് ഷായെക്കുറിച്ചുള്ള വിശദീകരണം ശ്രീധരന്‍പിള്ള നടത്തി. ഇതിനെ കണക്ട് ചെയ്ത് വീണ്ടും ചോദ്യം ചോദിക്കുമ്പോഴാണ് അടുക്കള ചോദ്യം എന്നോട് ചോദിക്കരുതെന്നും, അതിന് ഉത്തരം പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറയുന്നത്. നിങ്ങളുടെ ക്രോസ് എക്‌സാമിനേഷന്‍ കേള്‍ക്കാനല്ല ഞാനിവിടെ വന്നിരിക്കുന്നതെന്നും വലിയ മിടുക്കിയായിട്ട് സംസാരിക്കരുതെന്നും അദ്ദേഹം ക്ഷുഭിതനായി പറയുന്നുണ്ട്.

രാഷ്ട്രീയ പശ്ചാത്തലം മറയാക്കി എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അങ്ങനെയെങ്കില്‍ താന്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വരാതിരിക്കാമെന്നും ശ്രീധരന്‍പിള്ള പറയുമ്പോള്‍ ഇത്തരം മുനവെച്ച സംസാരങ്ങള്‍ കൊണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ലെന്നാണ് സ്മൃതി മറുപടി നല്‍കുന്നത്.