സൗദിയില്‍ ചരിത്ര മുഹൂര്‍ത്തം; ഫുട്‌ബോള്‍ കാണാന്‍ വനിതകളും സ്റ്റേഡിയത്തില്‍

single-img
13 January 2018

റിയാദ്: 10 വര്‍ഷത്തെ വിലക്കിന് ശേഷം സൗദിയില്‍ ഫുട്‌ബോള്‍ ലീഗ് കാണാന്‍ സ്ത്രീകളെത്തി. കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നിരവധി വനിതകളാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ എത്തിയത്. ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള അവസരം സൗദി വനിതകള്‍ക്ക് ലഭിച്ചത്.

പല വനിതകളും കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് മത്സരം വീക്ഷിക്കാന്‍ എത്തിയത്. സ്റ്റേഡിയത്തില്‍ പ്രത്യേകമായി ഇരപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നു. വനിതകള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.

ജനുവരി18നു ദമാമില്‍ നടക്കുന്ന മത്സരങ്ങളിലും വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ മത്സരം കാണാന്‍ പോകുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സൗദി എയര്‍ലൈന്‍സ് സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രഖ്യാപനം നേരത്തെ വന്നിരുന്നു.

സിനിമ കാണാന്‍ തീയേറ്ററുകളില്‍ പോകാനും ഭരണകൂടം സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍.