സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍: തുറന്നടിച്ച് നടി സജിത മഠത്തില്‍

single-img
13 January 2018

‘മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്.

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍നിന്ന് ഒഴിവാക്കുന്നത് പതിവാണ്. വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാകും പ്രചരിപ്പിക്കുക. ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ് സിനിമയിലെ സ്ത്രീകള്‍.

ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. ചൂഷണം തുറന്നുപറയുന്ന നടികള്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണ്.

എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി സെന്റ്് പീറ്റേഴ്‌സ് കോളജില്‍ നടത്തിയ സെമിനാറില്‍ നടി സജിത മഠത്തില്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയതോടെ വിശദീകരണവുമായി സജിത രംഗത്തെത്തി.

‘ഒരു സെമിനാറില്‍ ഞാന്‍ സംസാരിച്ച കാര്യങ്ങളാണ് വാര്‍ത്തയായി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അറിയാവുന്ന ചില കാര്യങ്ങളാണ് ഞാന്‍ അവിടെ പറഞ്ഞത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടികളെ മറ്റു കാരണങ്ങള്‍ പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന പതിവുണ്ട്.

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചും മനുഷ്യാവകാശ നിഷേധത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്. എന്റെ പ്രസംഗത്തിലെ ഏതാനും വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത് കണ്ടിരുന്നു. ഇതൊന്നും നല്ല പ്രവണതയല്ല. പക്ഷേ ഇതെഴുന്നുവരോട്, ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടൊന്നും ഞാന്‍ നിശബ്ദയാവുകയില്ല. എന്നെ ഭയപ്പെടുത്താനും ആകില്ലെന്നും സജിത പറഞ്ഞു.