ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി: തപസ്യാനന്ദ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവില്‍

single-img
13 January 2018

ബീഹാറിലെ നവാഡയിലെ സന്ത് കുടിര്‍ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ആശ്രമത്തിലെ മുഖ്യ തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്യാസിനിമാരെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. തലവന്‍ ഉള്‍പ്പടെ കേസിലെ 13 പ്രതികളും ഒളിവിലാണ്.

2017 ഡിസംബര്‍ നാലിന് ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദയും മറ്റ് 12 പേരും ചേര്‍ന്ന് സന്ന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമ തലവനായ തപസ്യാനന്ദിനും മറ്റ് പന്ത്രണ്ടു പേര്‍ക്കുമെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് തപസ്യാനന്ദ.

ഉത്തര്‍പ്രദേശ് ആശ്രമത്തിലെ സന്യാസിമാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇയാള്‍ അവിടെയുള്ള ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് സന്തിര്‍ കുടിയില്‍ അഭയം തേടിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഉത്തര്‍പ്രദേശ് പൊലീസ് തപസ്യാനന്ദിനായി അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതായി പൊലീസ് അറിയിച്ചു. സന്യാസിമാര്‍ നല്‍കിയ പരാതി പ്രകാരം ജനുവരി 9 ന് പൊലീസ് സന്തിര്‍ കുടി ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പൊലീസ് അശ്രമത്തില്‍ എത്തുന്നതിനു മുന്‍പായി ഇയാള്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

ആശ്രമം പൂട്ടി സീല്‍ ചെയ്തായും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രമത്തിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. സന്ന്യാസിനിമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ച ശേഷം ആശ്രമം പൊലീസ് പൂട്ടിച്ചു.