ഖത്തറിനെതിരെ ആഞ്ഞടിച്ച് യു.എ.ഇ.

single-img
13 January 2018

ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായി രൂപപ്പെട്ട ഭിന്നത എട്ടാം മാസത്തിലേക്ക് കടന്നിരിക്കെ, ഖത്തറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.എ.ഇ. രംഗത്ത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളെ ആസൂത്രിതമായി അട്ടിമറിക്കാന്‍ ഖത്തര്‍ തുനിയുകയാണെന്ന രൂക്ഷവിമര്‍ശനമാണ് യു.എ.ഇ. നടത്തിയിരിക്കുന്നത്.

തങ്ങള്‍ക്കു നേരെ സാമ്പത്തിക യുദ്ധപ്രഖ്യാപനമാണ് തുടരുന്നതെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ആല്‍ഥാനിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് അമീര്‍ തുടരുന്ന മധ്യസ്ഥ നീക്കങ്ങളെ അട്ടിമറിക്കാന്‍ മാത്രമേ ഖത്തര്‍ നടപടി ഉപകരിക്കൂ എന്നും യു.എ.ഇ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനു മേല്‍ ഉപരോധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ പതിമൂന്നിന ഉപാധികള്‍ മുന്നോട്ടു വച്ചെങ്കിലും ഖത്തറിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മുസ്‌ലിം ബ്രദര്‍ ഹുഡിനു നല്‍കുന്ന പിന്തുണ പിന്‍വലിക്കുക, ഈജിപ്തിനെതിരായ നീക്കങ്ങള്‍ ഉപേക്ഷിക്കുക, യു.എന്നിനെ വെല്ലുവിളിക്കുന്ന യെമനിലെ ഹൂത്തികളെ ന്യായീകരിക്കുന്ന അല്‍ജസീറ ചാനലിന് തടയിടുക എന്നീ ആവശ്യങ്ങളും പ്രസ്താവനയില്‍ യു.എ.ഇ മുന്നോട്ടു വെച്ചു.

അതേസമയം ഭിന്നതകള്‍ പറഞ്ഞു തീര്‍ത്ത ഘട്ടത്തില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഖത്തറിനെതിരെ കുടില നീക്കം നടത്താന്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ കൊണ്ടുപിടിച്ച നീക്കം നടത്തി എന്നായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ആല്‍ഥാനിയുടെ ആരോപണം.