പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ കൂട്ടാക്കാതെ ചീഫ് ജസ്റ്റിസ് തിരിച്ചയച്ചു

single-img
13 January 2018

സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായശ്രമങ്ങള്‍ തിരക്കിട്ട് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെ കാണാന്‍ കൂട്ടാക്കാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചീഫ് ജസ്റ്റിസിനെ കാണാന്‍ വീട്ടിലെത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് തിരിച്ചുപോയി.

രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലേക്കാണ് നൃപേന്ദ്ര മിശ്ര എത്തിയത്. ദീപക് മിശ്രയെ കാണാന്‍ വീടിനോട് ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരികെപ്പോവുകയായിരുന്നു.

അതേസമയം, പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു പരിഹരിക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍ കോര്‍ട്ട് ചേര്‍ന്നു സമവായമുണ്ടാക്കാനാണു ശ്രമം. പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്നു പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പ്രതീക്ഷ.

പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. നാലു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി ചേര്‍ന്നതിന് പിന്നാലെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിലപാടുകള്‍ പരസ്യമായി എതിര്‍ത്തായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം.

അതേസമയം ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുളള വിശ്വാസം കൂട്ടാനാണ് താനുള്‍പ്പെടെയുള്ള ജസ്റ്റിസുമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്.

പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ എല്ലാം സുതാര്യമാകുമെന്നാണ് പ്രതീക്ഷയെന്നും കൊച്ചിയിലെത്തിയ കുര്യന്‍ ജോസഫ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നവരുടെ ഭരണപരമായ പിഴവുകള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ മുഖംനോക്കിയാണ് ചീഫ് ജസ്റ്റിസ് കേസുകള്‍ വിഭജിച്ചുകൊടുക്കുന്നതെന്ന് തുറന്നടിച്ച വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പെങ്കടുത്തിരുന്നു. എന്നാല്‍, വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രത്യേകമായി ഒന്നും സംസാരിച്ചില്ല.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ദുഃഖ വെള്ളിക്ക് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ച ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നടപടിക്കെതിരെ രണ്ടുവര്‍ഷം മുമ്പ് ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തുവന്നിരുന്നു.