പിണറായിയില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി

single-img
13 January 2018

കണ്ണൂര്‍ തലശേരി പിണറായി ഡോക്ടര്‍മുക്കില്‍ യുവതിയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറമ്പത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ശേഷമായിരിക്കും സംഭവമെന്നാണ് പോലീസ് നിഗമനം. പ്രീതയുടെ ഭര്‍ത്താവും അമ്മയും മംഗലാപുരത്ത് ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മരണം നടന്നതെന്നാണ് സംശയം. എന്നാല്‍ മരണ കാരണം വ്യക്തമായിട്ടില്ല.

വീട്ടിലെ സ്റ്റെയര്‍ കേസിനോട് ചേര്‍ന്ന് തൂങ്ങിയ നിലയിലായിരുന്നു മക്കളുടെ മൃതദേഹം. പ്രീതയെ മറ്റൊരു മുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ധര്‍മടം, കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.