കേരളത്തില്‍ ഡീസല്‍ വില ആദ്യമായി 67 രൂപയിലേക്ക്: പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധന: ആര്‍ക്കും ഒരു പ്രതിഷേധവുമില്ലേ ?

single-img
13 January 2018

 


രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഡീസല്‍ വില 66 രൂപയും പിന്നിട്ട് കുതിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് മൂന്നര രൂപയുടെ വര്‍ധനയാണ്. രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി.

തിരുവനന്തപുരത്ത് 66. 45 രൂപയാണ് ഡീസലിന് ഇന്നത്തെ വില. പെട്രോളിന് 74.56 രൂപയും. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന് ചൂണ്ടികാണിച്ചാണ് പെട്രോളിയം കമ്പനികള്‍ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുടെ വില ഇത്രകണ്ട് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡീസല്‍ വില വര്‍ധന ചരക്ക് നീക്കത്തേയും പൊതുഗതാഗതത്തേയും ബാധിക്കുമെന്നും ഉറപ്പായി. പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നതിന് ആനുപാതികമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കൂടി ചേരുമ്പോഴാണ് ഇന്ധനവില സാധാരണക്കാരനെ പൊള്ളിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാലും വിലയില്‍ കുറവ് വരാന്‍ കാരണമാകും. വില വര്‍ധന നേരിടാന്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അനുദിനം അഞ്ചും പത്തും പൈസ കൂട്ടിയാണ് എണ്ണക്കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയുന്നത്. പക്ഷേ ഒരു രാഷ്ട്രീയ കക്ഷിയും ഇതുവരെ ഒരു എതിര്‍പ്പും ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ തുടങ്ങിയതാണ് ഈ വിലകൂട്ടല്‍. ഡിസംബര്‍ ഒന്നിന് 67.71 രൂപയായിരുന്നു പെട്രോള്‍ വില.

എന്നാല്‍ ഇന്ന് പെട്രോളിന് വില 74.56 രൂപയായി. ഏഴു രൂപയോളം എണ്ണക്കമ്പനികള്‍ കൂട്ടി. ഇത്രയും വര്‍ദ്ധന ഉണ്ടായിട്ടും പ്രധിഷേധം ഉയരാത്തതാണ് വില കൂട്ടാന്‍ പെട്രോള്‍ കമ്പനികള്‍ക്ക് തുണയാകുന്നതെന്ന് പമ്പുടമകള്‍ പറയുന്നു. ഓരോ ദിവസവും രാവിലെ 6ന് പുതിയ വില നിശ്ചയിച്ച് മുംബയില്‍ നിന്ന് പെട്രോളിയം കമ്പനികളുടെ നിര്‍ദ്ദേശം പെട്രോള്‍ പമ്പുകളിലെത്തും.

അതൊന്നും നോക്കാതെ 500 ഉം 1000ഉം രൂപയ്ക്ക് വാഹന ഉടമകള്‍ ഇന്ധനം നിറയ്ക്കും. വിലനോക്കാതെ, രൂപ കണക്കാക്കി പെട്രോളും ഡീസലും നിറയ്ക്കുന്ന നമ്മുടെ ഈ ശീലമാണ് എണ്ണക്കമ്പനികള്‍ മുതലാക്കുകയാണ്. ഇന്ധനവില കുറയ്ക്കാന്‍ നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകേണ്ടിയിരിക്കുന്നു.

അതിനിടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് ഏതാണ്ട് 70 ഡോളര്‍ ആയാണ് ഉയര്‍ന്നത്. 2014നെ തുടര്‍ന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണിത്. ഉല്‍പാദനം കുറച്ച ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനം വിപണിയില്‍ ആരോഗ്യകരമായ മാറ്റമാണ് കൊണ്ടുവന്നത്.

ഉല്‍പാദനം കുറച്ച നടപടി തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം. ഉല്‍പാദനത്തിലും സംഭരണത്തിലും യു.എസ് നേരിട്ട തിരിച്ചടിയാണ് വര്‍ധനക്ക് മറ്റൊരു കാരണം. നിലവിലെ സാഹചര്യത്തില്‍ നിരക്കുവര്‍ധന കുറച്ചു കാലമെങ്കിലും തുടര്‍ന്നേക്കും. ചിലപ്പോള്‍ 80 ഡോളര്‍ വരെ വില ഉയര്‍ന്നേക്കുമെനന വിലയിരുത്തലും പുറത്തു വരുന്നുണ്ട്.