സുന്നി വിഭാഗങ്ങളുടെ ഐക്യത്തിന് വഴിയൊരുങ്ങുന്നു: ഇകെ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം

single-img
13 January 2018


കോഴിക്കോട്: സുന്നി ഐക്യത്തിന് ശ്രമിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. രാജ്യത്ത് തീവ്രവാദ ശക്തികള്‍ പിടിമുറക്കുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുന്നി ഐക്യം അനിവാര്യമാണെന്ന നിലപാടാണ് സംഘടനക്കുള്ളതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

സുന്നി ഐക്യം യാഥാര്‍ഥ്യമാക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ സമിതിയെ കാന്തപുരം എപി വിഭാഗം ചുമതലപ്പെടുത്തി. കാന്തപുരം വിഭാഗവുമായുള്ള ഐക്യ ചര്‍ച്ചകള്‍ക്കായി നേരത്തെ സമസ്ത ഇകെ വിഭാഗം നാല് അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എപി വിഭാഗം മുശാവറയും ഐക്യ നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സുന്നി ഐക്യം വേണമെന്ന നിലപാടാണ് സംഘടന എല്ലാ കാലത്തും സ്വീകരിച്ചതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സലഫികളുമായി സഹകരിക്കാനാകില്ല. മുത്തലാഖ് നിരോധ ബില്ലിനെതിരെ കോടതിയെ സമീപിക്കാനും മുശാവറ യോഗം തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ സംഘടന നിലപാട് സ്വീകരിക്കുന്നില്ലെന്നും മതപരമായ കാര്യങ്ങളില്‍ തുടര്‍ന്നും അഭിപ്രായം പറയുമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

ഇതോടെ മൂന്ന് പതിറ്റാണ്ടോളമായി ഇരു സംഘടനകളായി പ്രവര്‍ത്തിച്ച സുന്നി എപി ഇകെ വിഭാഗങ്ങള്‍ തമ്മിലാണ് ഐക്യത്തിനുള്ള നീക്കം നടക്കുന്നത്. പിളര്‍പ്പിന് ശേഷം ഇകെ വിഭാഗം മുസ്ലിം ലീഗ് വോട്ടുബാങ്കായാണ് പ്രവര്‍ത്തിച്ചത്. ചെറിയൊരു കാലഘട്ടമൊഴികെ എപി വിഭാഗം ഇടതു അനുകൂല നിലപാട് പുലര്‍ത്തുകയും ചെയ്തു.

ഇകെ വിഭാഗത്തെ കൂട്ടിയോജിപ്പിച്ച് സുന്നിഐക്യം രൂപീകരിക്കുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. മര്‍കസ് സമ്മേളനം ബഹിഷ്‌ക്കരിച്ച യുഡിഎഫ് നേതാക്കളെ തിരിച്ച് ബഹിഷ്‌ക്കരിക്കാനാണ് കാന്തപുരത്തിന്റെ നീക്കം. മുജാഹിദ് വിഭാഗവുമായി ലീഗ് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ മുജാഹിദ് ബഹിഷ്‌ക്കരണമാണ് കാന്തപുരത്തിന്റെ നയം.