കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ഭരണം: പരിശോധയില്‍ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കള്‍

single-img
13 January 2018


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും രാഷ്ട്രീയ തടവുകാര്‍ അധികാരം പ്രയോഗിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍വകുപ്പ് കൈകാര്യം ചെയ്ത ഘട്ടത്തിലായിരുന്നു ജയിലിനകത്ത് പ്രശ്‌നം സൃഷ്ടിച്ച രാഷ്ട്രീയ തടവുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചത്.

എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ മിക്ക ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റി. ഇതോടെ രാഷ്ട്രീയ തടവുകാര്‍ വീണ്ടും വിലസാന്‍ തടങ്ങി. ജീവനക്കാര്‍ക്കു നേരേ ഭീഷണിയുടെ സ്വരങ്ങളും ഉയര്‍ന്നു തുടങ്ങിയതായി പരാതി ഉയരുന്നുണ്ട്.

തിരുവനന്തപുരത്തായിരുന്നപ്പോള്‍ കര്‍ശന നടപടികളിലൂടെ ശ്രദ്ധേയനായ സൂപ്രണ്ട് കണ്ണൂരിലെത്തിയപ്പോഴും ജയില്‍ ചട്ടം കര്‍ശനമാക്കിയതോടെ ചില രാഷ്ട്രീയ തടവുകാര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഭീഷണി കാരണം ഉദ്യോഗസ്ഥരില്‍ പലരും ഇത്തരം തടവുകാരോട് കര്‍ശനമായ നിലപാട് സ്വീകരിക്കാറില്ല.

ജയിലിനകത്ത് മൊബൈല്‍ ഫോണുകളും മറ്റും പ്രത്യേക ചെരിപ്പിനകത്ത് സൂക്ഷിക്കുന്നതായി തെളിഞ്ഞെങ്കിലും ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നില്ല. ജയില്‍ വളപ്പിലെ കുടിവെള്ളമെടുക്കുന്ന കിണറില്‍ നിന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ രണ്ട് ചാക്ക് ചെരിപ്പുകള്‍ കണ്ടെടുത്തത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം ജയിലിലെ സൗകര്യങ്ങള്‍ വിലയിരുത്താനായി നവംബറില്‍ ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഇവര്‍ തടവുകാര്‍ക്കായി കുടിവെള്ളമെടുക്കുന്ന കിണര്‍ പരിശോധിക്കാന്‍ നിര്‍ദേശവും നല്‍കി.

ഇതേത്തുടര്‍ന്ന് കിണര്‍ വൃത്തിയാക്കിപ്പോഴാണ് രണ്ട് ചാക്ക് ചെരിപ്പ് ലഭിച്ചത്. സംഭവം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍ത്തട്ടില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മൊബൈല്‍ ഫോണ്‍, സിം, ബാറ്ററി എന്നിവ ചെരിപ്പിനിടയില്‍ സൂക്ഷിക്കുകയാണ്.

ഇതിനായി പ്രത്യേകം നിര്‍മിച്ച ചെരിപ്പുകള്‍ പുറത്തുനിന്നും എത്തിക്കുയാണന്നു കണ്ടെത്തിയിരുന്നു. ജയില്‍ മുറികളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വീണ്ടും സജീവമായി. ഇവ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. രാഷ്ട്രീയ തടവുകാരില്‍ ചിലര്‍ സ്വന്തമായി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കി കഴിക്കുന്നതായും ആരോപണമുണ്ട്. അവര്‍ പറയുന്നതുപ്രകാരം ബിരിയാണിയും ഐസ്‌ക്രീമും മറ്റും എത്തിച്ചുകൊടുക്കേണ്ട അവസ്ഥവരെ ജയിലിലുണ്ട്.