40 സ്‌കൂള്‍ കുട്ടികളുമായി ബോട്ട് മുങ്ങി; നിരവധി കുട്ടികള്‍ മരിച്ചു

single-img
13 January 2018

മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി. അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പല്‍ഘാര്‍ പൊലീസ് സുപ്രണ്ട് മഞ്ജുനാഥ് സിന്‍ഗി അറിയിച്ചു.

35 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ധഹാനു കടല്‍ത്തീരത്തുനിന്ന് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ധഹാനുവില്‍ തന്നെയുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ലൈഫ് ജാക്കറ്റുകള്‍ ധരിക്കാതെയാണ് കുട്ടികള്‍ ബോട്ടില്‍ യാത്ര ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്.