യുപിയിലെ കക്കൂസുകള്‍ക്കും കാവി നിറം

single-img
12 January 2018

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്നുവേണ്ട കുട്ടികളുടെ ബാഗുകള്‍ക്കും ബസ്സിനും വരെ കാവിയാണ് നിറം. ഇപ്പോള്‍ യുപിയിലെ ഒരു ഗ്രാമത്തിലെ ശൗചാലയങ്ങള്‍ക്ക് വരെ കാവിനിറം പൂശിയിരിക്കുകയാണ്.

അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്കാണ് കാവിനിറം പൂശിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനാണ് സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കക്കൂസുകള്‍ക്ക് കാവി നിറം പൂശാന്‍ ഇറ്റാവ ഗ്രാമപഞ്ചായത്ത് അധികാരികള്‍ തീരുമാനിച്ചത്.

അതുവഴി തങ്ങളുടെ ഗ്രാമത്തിലേക്ക് കൂടുതല്‍ പുരോഗതികളെത്തിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ഉണ്ടാകുമെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 350 ടോയ്‌ലെറ്റുകളില്‍ 100 എണ്ണത്തിനാണ് ഇപ്പോള്‍ കാവിനിറം നല്‍കിയിരിക്കുന്നത്.

ബാക്കിയുള്ളവയ്ക്കും താമസിയാതെ അതേ നിറം നല്‍കുമെന്നും ഗ്രാമവാസികള്‍ പറയുന്നു. കക്കൂസുകള്‍ക്ക് കാവിനിറം നല്‍കാനുള്ള തീരുമാനം ഗ്രാമപഞ്ചായത്ത് ഒറ്റക്കെട്ടായ് എടുക്കുകയായിരുന്നുവെന്നും ആരും എതിര്‍പ്പുയര്‍ത്തിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ജനുവരി അഞ്ചിനാണ് വിദാന്‍സഭയ്ക്ക് സമീപമുള്ള ഹജ്ജ് ഹൗസിന് കാവിനിറം നല്‍കിയത്. ഇത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. നേരത്തെ പച്ചയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ത്തിയുള്ള പെയിന്റായിരുന്നു ഹജ്ജ് ഹൗസിന് ഉണ്ടായിരുന്നത്. പെയിന്റിംഗിന് കരാര്‍ നല്‍കിയ വ്യക്തി തങ്ങളെ ചതിക്കുകയായിരുന്നുവെന്നാണ് സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റി സെക്രട്ടറി നല്‍കുന്ന വിശദീകരണം.