ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം ചരിത്രത്തിലാദ്യം: അമിത്ഷാ പ്രതിയായ കേസ് പൊട്ടിത്തെറിക്ക് ആക്കം കൂട്ടി: അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം

single-img
12 January 2018

പൊട്ടിത്തെറിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍

ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം ചരിത്രത്തിലാദ്യം: അമിത്ഷാ പ്രതിയായ കേസ് പൊട്ടിത്തെറിക്ക് ആക്കം കൂട്ടി: അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം http://www.evartha.in/2018/01/12/today-sc.html

Posted by evartha.in on Friday, January 12, 2018

സമാനതകളില്ലാത്ത സംഭവവികാസത്തില്‍, രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്.

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായാണ് സുപ്രീം കോടതിയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളെ നിയമവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയക്ക് സമാനമായ സാഹചര്യമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. നിയമത്തിന്റെ അവസാനവാക്കായി കാണുന്ന നീതിപീഠത്തിലെ സ്തംഭനാവസ്ഥ തീര്‍ത്തും ആശാസ്യമല്ലാത്ത തലങ്ങളിലേക്ക് നീങ്ങുകയാണ്.

കേസുകള്‍ നിര്‍ത്തിവച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങിവന്ന് പറഞ്ഞ കാര്യങ്ങള്‍ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടാവുന്നവയാണ്. കൂടുതല്‍ ജഡ്ജിമാര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നു. ഇത്തരത്തില്‍ സുപ്രീം കോടതിയില്‍ കൃത്യമായ വിഭാഗീയതകള്‍ പുറത്തേക്ക് വരുമ്പള്‍ രാജ്യം കടുത്ത നിയമ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

അമിത്ഷാ പ്രതിയായ സൊഹ്‌റാബ്ദീന്‍ ഷേഖ് കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പട്ടുള്ള ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങളാണ് നീതിപീഠത്തിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടിയത്.

സുപ്രീംകോടതി കൊളീജിയത്തില്‍ നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും, മെഡിക്കല്‍ അഴിമതി കേസില്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളും മുതിര്‍ന്ന ജസ്റ്റിസുമാര്‍ തമ്മിലുള്ള ഭിന്നത ശക്തമാക്കിയിരുന്നു. എന്നാല്‍ ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ്മാര്‍ ഏറ്റവും ഒടുവിലായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രംഗത്തെത്തിയത്.

കേസിന്റെ ചരിത്രം ഇങ്ങനെ…

സൊഹ്‌റാബ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ നിരന്തരം കോടതിയില്‍ ഹാജരാകാത്തതില്‍ എതിര്‍പ്പ് വ്യക്തമാക്കിയ ജഡ്ജി ജെ.ടി ഉത്പത്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ബി.എച്ച് ലോയ വിചാരണ കോടതി ജഡ്ജിയായി എത്തുന്നത്.

കേസില്‍ അമിത് ഷാ ഹാജരാകാത്തതില്‍ ഉത്പത്തിന് പിന്നാലെ ബിഎച്ച് ലോയയും രംഗത്തെത്തി. അമിത് ഷാ ഹാജരാകാന്‍ ലോയ ഉത്തരവിട്ടു. ഇതിന് പിന്നാലെ 2014 ഡിസംബര്‍ ഒന്നിന് ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയപ്പോഴായിരുന്നു ദുരൂഹ മരണം.

മരണം ഹൃദയാഘാതം കാരണമാണെന്ന തരത്തിലേക്ക് കേസ് നീങ്ങിയതോടെ ബന്ധുക്കള്‍ രംഗത്തെത്തി. ലോയയെ സ്വാനീക്കാന്‍ ജഡ്ജിമാരുടെ ഇടയില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായി എന്ന് ഒരു മാധ്യമത്തിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവായി.

ലോയയുടെ മരണത്തിന് ശേഷം സൊഹ്‌റാബ്ദീന്‍ ഷേഖ് ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ കുറ്റവിമുക്തനായി. വിചാരണകോടതി വിധിക്കെതിരെ സിബിഐ പോലും മേല്‍ക്കോടതിയെ സമീപിച്ചില്ല. അമിത് ഷാ കുറ്റവിമുക്തനായതോടെ ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍ എത്തി.

ഈ കേസ് ജസ്റ്റിസുമാരില്‍ ജൂനിയറായ അരുണ്‍ മിശ്രക്ക് കൈമാറാനുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനവും ജുഡീഷ്യറിയില്‍ ഭിന്നത ശക്തമാക്കി. ഒരു ജഡ്ജി മരണപ്പെട്ട, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റീസ് ഇടപെട്ട് കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചില്‍ നിന്നും മാറ്റിയതോടെ ജസ്റ്റിസ് ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് തുടങ്ങിയവരടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ചീഫ് ജസ്റ്റിസ് തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ഭിന്നത സുപ്രീംകോടതിക്ക് പുറത്തെത്തി.

ജഡ്ജിമാരുടെ പത്ര സമ്മേളനത്തില്‍നിന്ന്

ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ഉറപ്പാണ്.

നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുന്‍പ് കത്തും നല്‍കി. എന്നാല്‍ അദ്ദേഹം അത് അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം.

ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ഞങ്ങളുടെ ആത്മാര്‍ഥതയെയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് തങ്ങള്‍ക്കു നിര്‍വഹിക്കണമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

അതേസമയം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന ചോദ്യത്തിന്, ‘അതു രാജ്യം തീരുമാനിക്കട്ടെ’ എന്നായിരുന്നു ചെലമേശ്വറിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസിന് കൈമാറിയ ഏഴു പേജുള്ള കത്തും വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ പുറത്തുവന്നു. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്നാണ് ഇതിലെ പ്രധാന ആരോപണം.

കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതടക്കമുള്ള കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ മിശ്രയ്ക്ക് അയച്ച കത്ത് പുറത്ത് വന്നു. കത്തില്‍, ചീഫ് ജസ്റ്റിസിനെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആശങ്കകളും ജഡ്ജിമാര്‍ പങ്കുവയ്ക്കുന്നുണ്ട്.

പ്രിയ ചീഫ് ജസ്റ്റീസ്, ചില കേസുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അറിയിക്കട്ടെ. ഇതില്‍ ജഡ്ജിമാര്‍ക്ക് കടുത്ത ആശങ്കയും അമര്‍ഷവുമുണ്ട്.

ഇത്തരം വിധികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണ നിര്‍വഹണത്തെ മാത്രമല്ല, ഹൈക്കോടതികളുടേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതാണ്. കൊല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിതമായപ്പോള്‍ തന്നെ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഈ പാരമ്പര്യങ്ങള്‍, ഒരു നൂറ്റാണ്ട് പഴക്കമുള്ള സുപ്രീം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ഇവയ്ക്ക് ആംഗ്‌ളോ സാക്‌സണ്‍ കാലത്തെ നിയമശാസ്ത്രത്തിലവും വേരുകളുണ്ട്.

ചീഫ് ജസ്റ്റിസ് ആണ് കോടതികളുടെ അധിപനെന്നും കോടതികളുമായി ബന്ധപ്പെട്ട സമയക്രമം തീരുമാനിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിന് ആണെന്നുമാണ് ഒരിക്കല്‍ പറഞ്ഞു വയ്ക്കപ്പെട്ടിരുന്ന തത്വസംഹിത. കേസുകള്‍ ഏതെല്ലാം ജഡ്ജിമാര്‍ പരിഗണിക്കണം ഏത് ക്‌ളാസില്‍ പെടുത്തണം എന്നെല്ലാം തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്.

ഇത്തരത്തില്‍ കേസുകള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത് അവയുടെ സമയബന്ധിതവും അച്ചടക്കത്തോടെയുമുള്ള തീര്‍പ്പാക്കലുകള്‍ക്കാണ്. എന്നാല്‍, അത് മേലധികാരിയായ ചീഫ് ജസ്റ്റിസിന് തന്റെ സഹപ്രവര്‍ത്തകരുടെ മേലുള്ള അധികാരമായി കാണരുത്.

നീതിന്യായ വ്യവസ്ഥയില്‍ എല്ലാ ജഡ്ജിമാരും തുല്യരാണ്. എന്നാല്‍, നിയമസംഹിത അനുസരിച്ച് അതില്‍ പ്രഥമ സ്ഥാനം ചീഫ് ജസ്റ്റിസിനാണ്. അതില്‍ കൂടുതലോ കുറവോ ഇല്ല. കേസുകളുടെ സമയക്രമം തീരുമാനിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസിന് വഴികാട്ടുന്നതിനായി ചില തത്വങ്ങളുണ്ട്. ഒരു പ്രത്യേക കേസിന്റെ ഘടന അനുസരിച്ച് അത് പരിഗണിക്കാന്‍ ശക്തമായ ബെഞ്ച് ആവശ്യമാണ്. ഇത്തരം പാരന്പര്യങ്ങളും പിന്തുടരുന്നുണ്ട്.

മേല്‍പ്പറഞ്ഞ തത്വങ്ങളെ അടിസ്ഥാനമാക്കി, സുപ്രീം കോടതി അടക്കമുള്ള ബഹുമുഖ നിയമ സംവിധാനം കേസുകളിന്മേല്‍ തീരുമാനം എടുക്കുന്‌പോള്‍ ഉചിതമായ ബെഞ്ചിന്റെ അഭിപ്രായം ആരായുകയും ബെഞ്ചിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കുകയും വേണം. ഈ തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനം അസാധാരണവും അതൃപ്തിയും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചു വരുത്തുക. ഇത് കോടതികളുടെ ഐക്യത്തിലും അഖണ്ഡതയിലും സംശയം ഉണര്‍ത്തും. അങ്ങനെ ഉണ്ടാവുന്ന അരാജകത്വങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല.

ഇത്തരത്തില്‍ പരിണിത ഫലങ്ങളുണ്ടാക്കുന്ന രണ്ട് കേസുകള്‍ ഉണ്ടായെന്നത് ഏറെ ദു;ഖകരമാണെന്ന് പറയാതെ വയ്യ. രണ്ടു കേസുകള്‍ ബെഞ്ചുകളുടെ മുന്‍ഗണന അനുസരിച്ച് തികച്ചും യുക്തിരഹിതമായി ചീഫ് ജസ്റ്റിസ് തന്നെ നല്‍കിയ കാര്യം നമ്മുടെ മുന്നിലുണ്ട്. ഇത് എന്ത് വില കൊടുത്തും തടയേണ്ടതാണ്.

നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നതില്‍ കാലതാമസം (മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍) വരരുതെന്ന് 2017 ഒക്ടോബര്‍ 27ലെ ആര്‍.പി.ലൂത്രയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധിയുള്ളത് ശ്രദ്ധയില്‍പെടുത്തുകയാണ്. സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിന്റെ പരിധിയില്‍ വരുന്നതാണ് മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍ എന്നിരിക്കെ ഇക്കാര്യത്തില്‍ മറ്റൊരു ബെഞ്ച് ഇടപെടുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.

ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിന് ശേഷം വിശദമായ ചര്‍ച്ചകള്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്ജിമാരടങ്ങിയ കൊളീജിയം നടത്തുകയും മെമ്മോറാണ്ടം ഒഫ് പ്രൊസീജറിന് അന്തിമ രൂപം നല്‍കി ചീഫ് ജസ്റ്റിസ് അത് കേന്ദ്ര സര്‍ക്കാരിന് 2017 മാര്‍ച്ചില്‍ അയയ്ക്കുകയും ചെയ്താണ്. എന്നാല്‍ ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍ അംഗീകരിച്ചു എന്നാണ്. അതിനാല്‍ മെമ്മോറാണ്ടം ഒഫ് പ്രൊസീജറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നീരീക്ഷണങ്ങള്‍ നടത്താനോ വിഷയം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടു പോകാനോ സാഹചര്യമില്ല.