സുപ്രീംകോടതിയില്‍ അസാധാരണ സംഭവങ്ങള്‍; ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു

single-img
12 January 2018


രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംഷയിലാഴ്ത്തി സുപ്രീംകോടതിയില്‍ അസാധാരണ സംഭവങ്ങള്‍. രണ്ടു കോടതികള്‍ നിര്‍ത്തിവച്ച് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉള്‍പ്പെടെ നാലു ജഡ്ജിമാരാണ് 12 മണിക്കു കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പ്രത്യേക ഏജന്‍സിയായ കൊളീജിയത്തിനെതിരായ പ്രതിഷേധം പൊട്ടിത്തെറിയിലേയ്ക്കു നീങ്ങിയതോടെയാണ് സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങള്‍. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു.

കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി.

ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.