ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം: യുഡിഎഫിന്റെ ജയം അഞ്ചിടത്ത് മാത്രം

single-img
12 January 2018


സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 15ല്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. അഞ്ചിടത്തേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. ബിജെപി സഖ്യത്തിന് കയ്യിലുണ്ടായിരുന്ന ഒരു വാര്‍ഡ് നഷ്ടമായി. ആ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭരണവും ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടമായി. ഇവിടെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനു സ്മിതയെ 88 വോട്ടിനാണ് തോല്‍പ്പിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഈ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.

എറണാകുളം ജില്ലയില്‍ ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബി ജോണാണ് വിജയിച്ചത്. യുഡിഎഫിലെ മിനി മില്‍ട്ടണെ 207 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് റിബലാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്.

ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡ് ബിജെപി സഖ്യത്തില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രമ്യ റെനീഷ് (സിപിഎം) ആണ് വിജയി. കോണ്‍ഗ്രസിലെ ബാബു കളപ്പുര രണ്ടാമതെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജസ്സി മുന്നാമതായി. ബിജെപി സഖ്യത്തിന് വോട്ട് പകുതിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ജോലി കിട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന (സിപിഎം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്)യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.