ജെഡിയു യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു: ഇനി എല്‍ഡിഎഫിനൊപ്പം

single-img
12 January 2018


തിരുവനന്തപുരം: യുഡിഎഫുമായുള്ള ബാന്ധവം ജെഡിയു അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ എംപി വീരേന്ദ്രകുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. ജെഡിയു എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എംപി വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫില്‍ ചേര്‍ന്നതുകൊണ്ട് ജെഡിയുവിന് നഷ്ടം മാത്രമാണ് ഉണ്ടായത്. എന്നാല്‍ യുഡിഎഫിന് നേട്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിലേക്കു പോകാന്‍ വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തില്‍ തീരുമാനമായിരുന്നു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന.

മുന്നണിമാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ടുദിവസം നീളുന്ന നേതൃയോഗമാണു തലസ്ഥാനത്തു നടന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണു മുന്നണി പ്രവേശനത്തിന്റെ സൂചനകള്‍ വീരേന്ദ്രകുമാര്‍ നല്‍കിയത്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു മുന്നണിമാറ്റം അനിവാര്യമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടില്‍ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി.