സെഞ്ചുറിയടിച്ച് ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ ചരിത്രമെഴുതി

single-img
12 January 2018

ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പി.എസ്.എല്‍.വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 ഉപഗ്രഹവും 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. പി.എസ്.എല്‍.വിയുടെ നാല്‍പതാമത്തെ വിക്ഷേപണമാണിത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി–സി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ കാര്‍ട്ടോസാറ്റ്–2വിന്റെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വി–സി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്–2 മാത്രം 710 കിലോയുണ്ട്.

കഴിഞ്ഞതവണ പിഎസ്എല്‍വി സി–39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്. പരീക്ഷണത്തിനു പിന്നാലെ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്യും.