രഹാനെയ്ക്ക് പിന്തുണയുമായി അലന്‍ ഡൊണാള്‍ഡ്

single-img
12 January 2018

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് അവസരം നല്‍കാത്ത ഇന്ത്യന്‍ ക്യാപ്ടന്‍ കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമെന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡ്. ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരതയോടെ പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് രഹാനെയെന്നും ആടിയുലയുന്ന ഇന്ത്യയ്ക്ക് ദിശ കാണിക്കാന്‍ രഹാനെയ്ക്ക് കഴിയുമെന്നും അലന്‍ ഡൊണാള്‍ഡ് പറഞ്ഞു.

ടീമിന് പുറത്തിരുത്തിയത് മണ്ടത്തരമായാണ് കാണുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ രഹാനെയുടെ പ്രകടനം മികച്ചതായിരുന്നു. എല്ലാ അര്‍ത്ഥത്തിലും രഹാനെ ഒരു ലോകോത്തര താരമാണ്. അലന്‍ ഡൊണാള്‍ഡ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രതികരണം.

രഹാനെ സൈഡ് ബെഞ്ചിലിരിക്കുന്നതും കളിക്കാര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുന്നതും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അദ്ഭുതപ്പെടുത്തി. രഹാനെയെപ്പോലൊരു താരം അതിലും അര്‍ഹിക്കുന്നുവെന്ന് അവര്‍ക്കറിയാമെന്നും ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.