ധവാനും രോഹിതും തെറിക്കും: ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

single-img
12 January 2018


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. മോശം ഫോം തുടരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സൂചന.

ധവാനെ ടീമിലെടുത്തതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഹുല്‍, രഹാനെ എന്നിവരെ തഴഞ്ഞാണ് ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചത്. എന്നാല്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഇഷ്ടക്കാരെന്ന നിലയിലാണ് ധവാനും രോഹിതും ടീമിലെത്തിയതെന്നും വിമര്‍ശനമുണ്ടായിരുന്നു. സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. രഹാനയെ തുടര്‍ച്ചയായി തഴയുന്നതും വിമര്‍ശനവിധേയമായിരുന്നു.

ആദ്യ ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കി പകരം ലോകേഷ് രാഹുലിനെ ടീമിലെടുക്കാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ഒപ്പം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മൂന്നു താരങ്ങള്‍ ഗ്രൗണ്ടില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയിരുന്നു. സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍, ത്രോ സ്‌പെഷ്യലിസ്റ്റ് രഘു എന്നിവരോടൊപ്പമാണ് നെറ്റ്‌സില്‍ പരിശീലനം നടത്തിയത്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ അത്യാവശ്യമാണ്. ശനിയാഴ്ച്ച് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.