സിഡ്‌നിയിലും ഓള്‍റൗണ്ട് പ്രകടനത്തോടെ താരമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

single-img
12 January 2018

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഓവലില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് അര്‍ജുന്‍ കളത്തിലിറങ്ങിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്.

ഓപ്പണറായി ഇറങ്ങിയ അര്‍ജുന്‍ 27 പന്തില്‍ 48 റണ്‍സ് എടുത്തതിനൊപ്പം നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഭാവിയില്‍ മികച്ച പേസ് ബൗളറാകാന്‍ സാധിക്കുമെന്നാണ് വിശ്വാസം എന്ന് അര്‍ജുന്‍ വ്യക്തമാക്കി. ബ്രാഡ്മാന്റെ പേരിലുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിച്ചത് വളരെയധികം അഭിമാനം തോന്നുന്ന കാര്യമാണെന്നും അര്‍ജുന്‍ കൂട്ടിചേര്‍ത്തു.

പന്തെറിയുമ്പോള്‍ എതിരാളിയുടെ വിക്കറ്റ് വീഴ്ത്താനും ബാറ്റ് ചെയ്യുമ്പോള്‍ ഷോട്‌സ് കളിക്കാനുമാണ് അര്‍ജുന്‍ ശ്രമിക്കാറുള്ളത്. ഓസ്‌ട്രേലയിയുടെ ഇടങ്കയ്യന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്ക്‌സുമാണ് അര്‍ജുന്റെ റോള്‍ മോഡലുകള്‍.

ഇത് ആദ്യമായല്ല അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയതിന് പുറമെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോയെ വീഴ്ത്തിയതിനെ തുടര്‍ന്നും അര്‍ജുന്‍ ചര്‍ച്ചാവിഷയമായിരുന്നു. പരിശീലനത്തിനിടയില്‍ അര്‍ജുന്റെ യോര്‍ക്കറേറ്റാണ് ബെയര്‍‌സ്റ്റോ വീണത്. പേസ് ബൗളറെന്ന നിലയില്‍ അറിയപ്പെടാനാണ് അര്‍ജുന്‍ ആഗ്രഹിക്കുന്നത്.