കണ്ണൂരില്‍ ബസ്‌സ്റ്റോപ്പില്‍ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച സംഭവം കൊലപാതകമല്ല: അപകടം നടത്തിയത് ട്രക്ക്; സി.സി.ടി.വി തെളിവായി

single-img
12 January 2018

കണ്ണൂരില്‍ ബസ്‌സ്റ്റോപ്പില്‍ ഉറങ്ങുന്നതിനിടെ വാഹനം കയറി യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഹരിയാന രജിസ്‌ട്രേഷനുള്ള എച്ച്ആര്‍ 7328 ട്രക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 23ന് പുലര്‍ച്ചെയായിരുന്നു തെക്കീബസാറിലെ ബസ്‌സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ വാഹനം കയറി മരിച്ചത്. പയ്യാമ്പലത്ത് സെക്യൂരിറ്റിയായും വീടുകളില്‍ തോട്ടം നിര്‍മിച്ചുനല്‍കുന്ന ജോലിയും ചെയ്തുവരികയായിരുന്നു ഉണ്ണിക്കൃഷ്ണന്‍.

ബസ്‌സ്റ്റോപ്പില്‍ ഉറങ്ങുന്നതിനിടെ ഉരുണ്ട് റോഡിലേക്കു വീണ ഉണ്ണിക്കൃഷ്ണന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ തത്ക്ഷണം മരിച്ചിരുന്നു. യുവാവിന്റെ മരണം കൊലപാതകമാണെന്നുവരെ സംശയം ഉയര്‍ന്നിരുന്നു.

വാഹനാപകടമാണെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് ട്രക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. ടൗണിലെ ചില സ്ഥാപനങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഴപ്പിലങ്ങാട് ടോള്‍ ബൂത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

തലപ്പാടി ടോള്‍ ബൂത്തില്‍നിന്നും ലഭിച്ച ദൃശ്യങ്ങളും മറ്റു കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങളും ട്രക്ക് ഓരോ പ്രദേശങ്ങളിലൂടെയും കടന്നുപോയ സമയവുമെല്ലാം ശാസ്ത്രീയമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് അപകടത്തിനിടയാക്കിയ വാഹനം ഇതാണെന്നു സ്ഥിരീകരിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം ഹരിയാനയിലേക്ക് തിരിക്കും.