മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദം:ചെലവ് ഏറ്റെടുക്കില്ലെന്ന് സിപിഎം;പണം സര്‍ക്കാര്‍ നല്‍കും

single-img
11 January 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിൽ പുതിയ നിലപാടുമായി സിപിഐഎം. വിവാദമായ ആകാശയാത്രയുടെ ചെലവ് പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടിൽനിന്നെടുക്കാൻ സെക്രട്ടേറിയറ്റ് യോഗം സർക്കാരിനു നിർദേശം നൽകി.

നേരത്തെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രംഗത്ത് വന്നത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായ പണം പാർട്ടി നൽകില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി മുഖ്യമന്ത്രി യാതൊന്നും ചെയ്തിട്ടില്ലെന്നും ബാലൻ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ യാത്രയില്‍ ഒരുവിധത്തിലുള്ള അപാകതയുമില്ല. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. പിന്നെന്തിന് പണം തിരിച്ചുനല്‍കണം. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രയ്ക്കുവേണ്ടി ചെലവാക്കിയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് പണമെടുത്തത്.

ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതിൽനിന്നു പണമെടുക്കാറുണ്ട്. ഓഖിപ്പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പ്രത്യേക അക്കൗണ്ടിലാണ്. അതിൽനിന്നല്ല തുകയെടുത്തത്’- എ.കെ.ബാലൻ പറഞ്ഞു.