വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്:വിമാനത്തില്‍ പവര്‍ബാങ്കുകള്‍ക്ക് നിയന്ത്രണം

single-img
11 January 2018

മൊബൈല്‍ഫോണ്‍ ചാര്‍ജ്ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബിസിഎഎസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പവര്‍ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് നിര്‍ദേശം. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയക്കുന്നതിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയില്‍ കൊണ്ടു വന്ന പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്.

പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകളില്‍ നിശ്ചിത സംഭരണശേഷി ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ സെല്ലുകള്‍ക്കു പുറമെ, കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കുന്നു. ഇത്തരം പവര്‍ബാങ്കുകള്‍ അനായാസം തുറക്കാനാകും. കളിമണ്‍ ബാറ്ററികള്‍ മാറ്റി പകരം രാസവസ്തുകള്‍ നിറയ്ക്കാനും അവയെ സമാന്തര സ്ഫോടകവസ്തുവായി ഉപയോഗിക്കാനും കഴിയും. മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍നിന്ന് ഇത്തരത്തില്‍ മാറ്റംവരുത്തിയ പവര്‍ബാങ്ക് പിടിച്ചെടുത്തിരുന്നു.ചെക്ക്‌ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയ്ക്കുള്ള പവര്‍ബാങ്കുകളും നാടന്‍ പവര്‍ബാങ്കുകളും കഴിഞ്ഞദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍നിന്നു പിടിച്ചെടുത്തിരുന്നു.