തൃത്താലയില്‍ വി.ടി. ബല്‍റാമിനു നേരെ ചീമുട്ടയേറ്; പോലീസ് ലാത്തി വീശി: നാളെ യുഡിഎഫ് ഹര്‍ത്താല്‍

single-img
10 January 2018

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തൃത്താലയില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ബല്‍റാമിനു നേരെ പ്രതിഷേധമുണ്ടായത്.

ചടങ്ങിന്റെ ഉദ്ഘാടകന്‍ ബല്‍റാം ആയിരുന്നില്ല. വിശിഷ്ട സാന്നിധ്യമായാണ് ബല്‍റാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ എംഎല്‍എയെ തടയാന്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകന്‍ എംഎല്‍എയ്‌ക്കെതിരെ ചീമുട്ട എറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ രണ്ടുവട്ടം പോലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബല്‍റാമിന്റെ വാഹനത്തിന്റെ വാതില്‍ച്ചില്ല് തകര്‍ന്നു. കല്ലേറില്‍ നെറ്റിക്കു പരുക്കേറ്റ വി.ടി.ബല്‍റാമിനെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എകെജി വിവാദത്തിനുശേഷം വി.ടി. ബല്‍റാം എംഎല്‍എ പങ്കെടുത്ത ആദ്യ പൊതുപരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

എകെജി– സുശീല പ്രണയത്തെപ്പറ്റിയുള്ള ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റാണ് വിവാദമായത്. ബല്‍റാമിനെതിരെ സമൂഹമാധ്യമത്തിലും പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. എംഎല്‍എയെ ബഹിഷ്‌കരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. എന്നാല്‍ കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.