കരീബിയന്‍ സമുദ്രത്തില്‍ 7.6 തീവ്രതയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

single-img
10 January 2018

കരീബിയന്‍ സമുദ്രത്തില്‍ 7.6 തീവ്രതയില്‍ വന്‍ ഭൂകമ്പം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പ്രഭവകേന്ദ്രത്തിന് 140 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കെട്ടിടങ്ങള്‍ വിണ്ടുകീറിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ ശാന്തരാകണമെന്നും അടിയന്തര രക്ഷാപ്രവര്‍ത്തന വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍നാണ്ടസ് ട്വിറ്ററില്‍ അറിയിച്ചു.

ഭൂകമ്പമുണ്ടായതിനെ തുടര്‍ന്ന്, മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ സൂനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഔദ്യോഗികമായി സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സൂനാമി സാധ്യതയില്ലെന്ന് ചില കാലാവസ്ഥാ കേന്ദ്രങ്ങളും അഭിപ്രായപ്പെട്ടു.

എന്നാല്‍, സൂനാമിക്കു തുല്യമായ ശക്തിയില്‍ തിരമാലകള്‍ തീരത്തേക്കു അടിച്ചേക്കാമെന്ന് അക്കുവെതര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.