സുരേഷ് ഗോപി എംപിക്ക് ജാമ്യം

single-img
10 January 2018

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം. അന്വേഷണത്തില്‍ ഇടപെടരുതെന്നും ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കാനും കോടതി സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് ഹൈകോടതി നേരേത്ത ഉത്തരവിട്ടിരുന്നു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായിരുന്നു.

2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഔഡി ക്യു സെവന്‍ കാറും രാജ്യസഭ എം.പി ആയതിനുശേഷം മറ്റൊരു കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തെന്നാണ് ആരോപണം. വേഗപരിധി ലംഘിച്ചതിന് എട്ടു തവണ സുരേഷ് ഗോപിയുടെ വാഹനം കേരളത്തില്‍ ട്രാഫിക് പൊലീസിന്റെ കാമറയില്‍ കുടുങ്ങിയിരുന്നു.

ഇതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് പുതുച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചപ്പോള്‍ മടങ്ങുകയാണുണ്ടായത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമസ്ഥന്‍ സുരേഷ് ഗോപിയാണെന്ന് വാഹന വകുപ്പ് കണ്ടെത്തിയത്.

സംസ്ഥാനത്തിന് നല്‍കേണ്ട നികുതി ഒഴിവാക്കുന്നതിന് പുതുച്ചേരിയില്‍ താമസക്കാരനാണെന്ന് വ്യാജമായി രേഖയുണ്ടാക്കി ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന കേസില്‍ ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവരും ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്.