ആകാശയാത്രയില്‍ മുഖം രക്ഷിക്കാന്‍ സിപിഎം: എട്ടുലക്ഷം പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കും

single-img
10 January 2018

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തില്‍ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്നാണ് സൂചന.

ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്ത് പണം നല്‍കാന്‍ തീരുമാനമെടുക്കും എന്നാണ് വിവരം.

ഓഖിയേക്കാള്‍ വലിയ കൊടുങ്കാറ്റായാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാവിവാദം സര്‍ക്കാരിനുമേല്‍ ആഞ്ഞടിച്ചത്. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടി.

സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിഞ്ഞു.

ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിപിയുടെ ആവശ്യപ്രകാരമാണ് പണം നല്‍കിയതെന്ന നിലപാട് ലോക്‌നാഥ് ബെഹ്‌റയും തള്ളി. വിവാദം കൈവിട്ടതോടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഏതിനത്തില്‍ പണം വകയിരുത്തും എന്ന് എത്രയും വേഗം വിശദീകരിക്കേണ്ട ബാധ്യതകൂടി സര്‍ക്കാരിന് കൈവന്നു.

സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് വരികയും പിന്നീട് തിരച്ചുപോകുകയും ചെയ്തതിന് ചിലവായ തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് ചിലവാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് വിവാദമായത്. ഇത് പിന്നീട് വലിയ രാഷ്ടീയ കോളിളക്കത്തിനാണ് ഇടയാക്കിയത്. വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കിയെങ്കിലും അതിനെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുകയാണ്.