രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനവുമായി മോദിസര്‍ക്കാര്‍: ചില്ലറ വില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പച്ചക്കൊടി

single-img
10 January 2018


വിദേശ നിക്ഷേപകര്‍ക്കായി ഇന്ത്യന്‍ വിപണി കൂടുതല്‍ തുറന്ന് കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറുശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതി നല്‍കിയത്. ഇതിനു പുറമെ എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം 49 ശതമാനം വരെയാക്കി.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ വിറ്റഴിക്കണമെന്നു ഭരണകക്ഷിയംഗങ്ങള്‍ കഴിഞ്ഞദിവസം ഒറ്റക്കെട്ടായി നിലപാടെടുത്തതിനിടെ, വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി അലങ്കോലപ്പെട്ടിരുന്നു.

വിമാന സര്‍വീസ് പൊതുമേഖലയില്‍ വേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. സ്വകാര്യവല്‍ക്കരണത്തില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിന്റെ ഭാഗമായാണ് വിദേശനിക്ഷേപം അനുവദിച്ചത്. എയര്‍ ഇന്ത്യയില്‍ നേരിട്ടോ അല്ലാതെയോ വിദേശ കമ്പനികള്‍ക്കു നിക്ഷേപം നടത്താം.

എന്നാല്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും. 52,000 കോടിയിലേറെ രൂപയുടെ ബാധ്യതയുള്ള എയര്‍ഇന്ത്യയെ പുനരുദ്ധരിക്കാന്‍ മറ്റുവഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. വര്‍ഷം തോറും നാലായിരം കോടിയുടെ അധിക ബാധ്യതയുമുണ്ട്.

40 ശതമാനം വരെ ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് തയാറായിരുന്നു. പൂര്‍ണമായും സ്വന്തമാക്കാനുള്ള ആഗ്രഹം 2013ല്‍ പ്രകടിപ്പിച്ചു. ഏതാനും ഇന്ത്യന്‍ വിമാനക്കമ്പനികളും വിദേശ വിമാനക്കമ്പനികളും എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിരുന്നു. നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികളിലേക്കു കടന്നത്.
ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറുശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാനുള്ള സാഹചര്യമൊരുങ്ങി.

രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി എടുത്തകളയാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.

വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നത് ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവനുവദിച്ചിരിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ മാറ്റമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. പുതിയ ഇളവോടെ ഇത് 10000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തി. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് സംഘടന കുറ്റപ്പെടുത്തി.