പിണറായി മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് കുമ്മനം; സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് ചെന്നിത്തല

single-img
10 January 2018


ആകാശ യാത്ര വിവാദത്തില്‍ ജനങ്ങളോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇത്തരം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വി.ടി. ബല്‍റാമിനെതിരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബല്‍റാമിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.

മുഖ്യന്ത്രിക്ക് പകരം ഫയലുകളില്‍ മറ്റാരോ ഒപ്പിടുന്നുണ്ടെന്ന് തനിക്ക് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹെലികോപ്ടര്‍ യാത്രക്ക് പണം നല്‍കാനുള്ള ഉത്തരവും ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുന്നത് അപലപനീയമാണ്.

മുഖ്യമന്ത്രിക്ക് മാത്രമാണ് ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. റവന്യൂ മന്ത്രി എന്നൊരാള്‍ കേരളത്തില്‍ ഉള്ളതായി തനിക്കറിയില്ല.

മന്ത്രിമാര്‍ തന്നെയുണ്ടോയെന്ന് സംശയമാണ്. മോദിയും പിണറായിയും മാത്രമല്ല ഒരു പോലെ, കിം ജോങ് ഉന്നും ഈ പട്ടികയിലുണ്ട്. ഇത് ജനയുഗം എഡിറ്റര്‍ വിട്ട് പോയതാണ്. ഒരാളേയും വിശ്വാസമില്ലാത്തത് കൊണ്ടാണ് 32 വകുപ്പുകളും മുഖ്യമന്ത്രി കൈയില്‍ വെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും.

യഥാസമയം മുന്നറിയിപ്പ് നല്‍കാഞ്ഞതും, ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാഞ്ഞതും, മത്സ്യത്തൊഴിലാളികളെ അവഹേളിച്ച സഹപ്രവര്‍ത്തകരെ തിരുത്താഞ്ഞതും എല്ലാം ദുരിത ബാധിതരോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നു.

അനുതാപമില്ലാതെ സഹതാപം മാത്രം പ്രകടിപ്പിക്കുന്ന ഭരണാധികാരിക്കേ ഇങ്ങനെ പെരുമാറാനാകൂ.ഉറ്റവരേയും ഉടയവരേയും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍ കിടന്ന് വലയുമ്പോഴാണ് അവര്‍ക്ക് അവകാശപ്പെട്ട പണം മുഖ്യമന്ത്രി ധൂര്‍ത്തടിക്കുന്നത്. മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ഇത് സാധ്യമാണോയെന്നും കുമ്മനം ചോദിച്ചു.