ഫിലാന്‍ഡറുടെ തന്ത്രം ഫലിച്ചു: അങ്ങനെ വിരാട് കോഹ്‌ലി പുറത്തായി

single-img
10 January 2018

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത് പേസ് ബൗളര്‍ ഫിലാന്‍ഡറായിരുന്നു. ആറു വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഫിലാന്‍ഡര്‍ വീഴ്ത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റും ഫിലാന്‍ഡറിനായിരുന്നു.

കോഹ്‌ലിയെ വീഴ്ത്താനുളള തന്ത്രം മല്‍സരത്തിനു മുന്‍പുതന്നെ മെനഞ്ഞിരുന്നതായി മല്‍സരശേഷം ഫിലാന്‍ഡര്‍ വെളിപ്പെടുത്തി. ആ തന്ത്രം കൃത്യമായ സമയത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് തന്റെ ടീമിന്റെ വിജയമെന്നും ഫിലാന്‍ഡര്‍ പറഞ്ഞു.

‘കോഹ്‌ലി മികച്ച താരമാണ്. എപ്പോഴും അദ്ദേഹത്തെ ശാന്തനാക്കി നിര്‍ത്താനായിരുന്നു ശ്രമിച്ചത്. അതിനായി ആദ്യ രണ്ടര ഓവറുകള്‍ ഒരേ രീതിയില്‍ ബൗള്‍ ചെയ്തു. ഇങ്ങനെ തുടര്‍ച്ചയായി ഒരേ രീതിയില്‍ ബോളുകള്‍ വരുമ്പോള്‍ അടുത്ത ബോള്‍ നേരിടാന്‍ കോഹ്‌ലി ബാറ്റിങ് ശൈലി മാറ്റുമെന്ന് അറിയാമായിരുന്നു. അതായിരുന്നു എനിക്കും വേണ്ടിയിരുന്നത്. ആ തന്ത്രം ഫലിക്കുകയും ചെയ്തു’ ഫിലാന്‍ഡര്‍ വ്യക്തമാക്കി.

വിക്കറ്റ് വീഴ്ത്തിയതിനുശേഷം കോഹ്‌ലിയോട് എന്തെങ്കിലും പറഞ്ഞോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഫിലാന്‍ഡറിന്റെ മറുപടി. ഞാനൊന്നും പറഞ്ഞില്ല. ശരിക്കും സന്തോഷം നല്‍കിയ നിമിഷമായിരുന്നു അത്. എന്റെ സന്തോഷം ഞാനെന്റെ സഹതാരങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കുകയാണ് ചെയ്തത്. വിരാടിന്റേതാണ് ബിഗ് വിക്കറ്റെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ശരിയായ സമയത്ത് എനിക്കത് നേടാനായി. ആ സന്തോഷം ടീം അംഗങ്ങളുമായി ഞാന്‍ പങ്കുവച്ചു, ഫിലാന്‍ഡര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 137 റണ്‍സിന് പുറത്തായി. ബാറ്റിങ്ങ് നിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. 72 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം.