കോഹ്‌ലിക്കും പൂജാരയ്ക്കും തിരിച്ചടി; രൂക്ഷമായി വിമര്‍ശിച്ച് സൗരവ് ഗാംഗുലി

single-img
10 January 2018

ദുബായ്: ഇന്ത്യക്കെതിരെ മികച്ച വിജയമൊരുക്കിയ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍മാര്‍ക്ക് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ പിന്നോട്ട് പോയപ്പോള്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ നേട്ടം കൊയ്തു.

ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ കാഗിസോ റബാദെ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളി ഒന്നാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡര്‍ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ നിന്ന് മാത്രം 67 പോയിന്റാണ് ഫിലാന്‍ഡര്‍ നേടിയത്

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ്. അശ്വിന്‍ നാലാമതും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹസല്‍വുഡ് അഞ്ചാം റാങ്കിലുമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച ബൗളിങ് പുറത്തെടുന്ന ഭുവനേശ്വര്‍ കുമാര്‍ 22ാം റാങ്കിലെത്തി. കരിയറിലെ മികച്ച റാങ്കിങ്ങാണ് ഭുവനേശ്വറിന്റേത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയ യുവഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ റാങ്കിങ്ങില്‍ വന്‍കുതിപ്പാണ് നടത്തിയത്. റാങ്കിങ്ങില്‍ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പാണ്ഡ്യ 49ാം സ്ഥാനത്തെത്തി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാം റാങ്കില്‍ നിന്ന് മൂന്നിലേക്ക് വീണപ്പോള്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് രണ്ടാമതെത്തി. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമത്. ചേതേശ്വര്‍ ൂജാര രണ്ട് സ്ഥാനം താഴെപ്പോയി അഞ്ചിലേക്ക് വീണു.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താത്തതും അതിന് കോഹ്ലി പറയുന്ന ന്യായീകരണവുമാണ് ഗാംഗുലിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സമീപകാലത്തെ മികച്ച ഫോമിന്റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടീമിലെടുത്തത് ശരിയായില്ല. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്‌ട്രേലിയക്കെതിരെ തിളങ്ങിയ കെ എല്‍ രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം’ ഗാംഗുലി പറയുന്നു.

എന്നാല്‍ കോഹ്ലിയുടെ വിശ്വസ്തരായ ധവാനെയും രോഹിത്തിനെയും അടുത്ത ടെസ്റ്റില്‍ ഒഴിവാക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.