സംസ്ഥാന സ്‌കൂള്‍ കലോത്സവം: തുടര്‍ച്ചയായി 12ാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട്

single-img
10 January 2018


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12ാം വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

865 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 864 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്ത്. അതേസമയം, അറബിക് കലോല്‍സവത്തില്‍ മലപ്പുറ(95)ത്തിനാണ് ഒന്നാം സ്ഥാനം. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ 93 പോയിന്റോടെ അറബിക് കലോല്‍സവത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

സംസ്‌കൃതോത്സവത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. 95 പോയിന്റാണ് അവര്‍ കരസ്ഥമാക്കിയത്. 91 പോയിന്റാടെ കണ്ണൂരും, പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 111 പോയിന്റോടെ ആലത്തൂര്‍ ജിഇഎച്ച്എസ് സ്‌കൂളുകളില്‍ ഒന്നാമതെത്തി.

നീര്‍മാതളം മുതല്‍ കേരം വരെയുള്ള 24 വേദികളാണ് കലോല്‍സവത്തോടനുബന്ധിച്ച് തയാറാക്കിയിരുന്നത്. ഇവയില്‍ ഇരുപതിലേയും മല്‍സരങ്ങള്‍ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഇന്നസന്റ് എംപി, ശ്രീനിവാസന്‍, കമല്‍, സത്യന്‍ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ ആനന്ദപുളകിതമാക്കിയാണ് സ്‌കൂള്‍ കലോല്‍സവത്തിനു തിരശീല വീഴുന്നത്.

അഞ്ചു ദിവസങ്ങളിലും നിറഞ്ഞ പങ്കാളിത്തമായിരുന്നു കാണികളുടെ ഭാഗത്തുനിന്നുണ്ടായത്. കാണികളാല്‍ നിറഞ്ഞാണ് പല വേദികളിലും മല്‍സരങ്ങള്‍ നടന്നത്. മല്‍സരങ്ങള്‍ പാതിരാ കഴിഞ്ഞപ്പോഴും തികഞ്ഞ പിന്തുണയുമായി തൃശൂര്‍ ഒപ്പം നിന്നു. തൃശൂരിനോട് ഉപചാരം ചൊല്ലിപ്പിരിയുന്ന കുട്ടികള്‍ അടുത്ത വര്‍ഷം ആലപ്പുഴയില്‍ വീണ്ടും ഏറ്റുമുട്ടും.